സിനിമയില്‍ കഥാപാത്രങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍ പലപ്പോഴും ഇല്ലാത്തതോ സിനിമയുമായി ബന്ധപ്പെട്ട ആരുടെയെങ്കിലുമോ ആകും. എന്നാല്‍ സിനിമയിലെ നായകന്‍ പെണ്‍കുട്ടികള്‍ക്കു ഫോണ്‍നമ്പര്‍ കൊടുത്തതിന്റെ പൊല്ലാപ്പിലാണ് പ്രഭ ജോസഫ് എന്ന യുവതി. ബിജുമേനോന്‍ നായകനായെത്തിയ മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് പ്രഭയ്ക്കു പണിയായ സംഭവം.
ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ബിജുമേനോന്റെ കഥാപാത്രം പെണ്‍കുട്ടികളെ മൈലാഞ്ചി അണിയിക്കുന്ന രംഗമുണ്ട്. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ബിജുവിന്റെ അറബി കഥാപാത്രം തന്റെ ഫോണ്‍നമ്പര്‍ എഴുതിനല്കുന്നു. ഈ നമ്പര്‍ കൃത്രിമമായിരുന്നില്ല. ചിത്രത്തിന്റെ സഹസംവിധായകയായ പ്രഭ ജോസഫിന്റേതായിരുന്നു നമ്പര്‍. സിനിമ തീയേറ്ററില്‍ വന്നപ്പോള്‍ കാര്യമായ പ്രശ്‌നം ഒന്നും ഉണ്ടായില്ലെങ്കിലും ഡിവിഡി ഇറങ്ങിയതോടെ കഥമാറി. ഡിവിഡി ഹിറ്റായതോടെ ഇപ്പോള്‍ പ്രഭയുടെ ഫോണിലേക്ക് വിളിയോടുവിളിയാണ്. പലരും ബിജുമേനോന്റെ നമ്പറാണെന്നു കരുതിയാണ് വിളിക്കുന്നത്.
സ്ഥിരമായി ഒരു ആരാധിക വിളിക്കാറുണ്ടെന്ന് പ്രഭ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തു. വിളി സ്ഥിരമായതോടെ താന്‍ വഴക്കുപറയുകയും ചെയ്തു. ഒടുവില്‍ ആ പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു എന്നോടു ക്ഷമചോദിച്ചു-പ്രഭ പറയുന്നു.