വീണയ്ക്ക് ഇപ്പോഴും വിറയല്‍ മാറുന്നില്ല. താന്‍ ഓടിച്ച സ്കൂട്ടറില്‍ ഒരു പാമ്പുംകൂടി ഉണ്ടായിരുന്നെന്ന കാര്യമോര്‍ത്തിട്ട്. യാത്രയ്ക്കിടെ പുറത്തിറങ്ങിയ പാമ്പ് കൈയിലൂടെ ഇഴഞ്ഞു വന്നപ്പോഴാണ് യാത്രക്കാരി സംഭവം അറിയുന്നത്. പെട്ടെന്ന് വണ്ടി നിര്‍ത്തി ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഹരിപ്പാടാണ് പാമ്പ് പണികൊടുത്ത സംഭവം അരങ്ങേറിയത്. പല്ലന സ്വദേശി വീണയുടെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. വഴിയാത്രക്കാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്കൂട്ടര്‍ ഇളക്കിയാണ് പാമ്പിനെ ഓടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍നിന്നാണ് പാമ്പ് സ്കൂട്ടറില്‍ കയറിയതെന്ന് വീണ രാഷ്ട്രദീപികയോട് പറഞ്ഞു. വൈകുന്നേരം സ്കൂട്ടറിനടുത്ത് പാമ്പിനെ കണ്ടപ്പോള്‍ സംശയം തോന്നി പരിശോധിച്ചിരുന്നു. വിശദമായ പരിശോധനയിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വെളുത്തുള്ളി ചതച്ച് സ്കൂട്ടറില്‍ ഒഴിച്ചു. പാമ്പ് പോയിക്കാണുമെന്ന വിശ്വാസത്തിലാണ് ചൊവ്വാഴ്ച രാവിലെ സ്കൂട്ടറെടുത്തത്.
കരുവാറ്റയിലെ ഒരു സ്കൂളില്‍ ജീവനക്കാരിയാണ് വീണ. ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്ന് സ്കൂളിലെത്തിയശേഷം രണ്ടുപ്രാവശ്യം ഔദ്യോഗിക ആവശ്യത്തിനായി ഹരിപ്പാട്ട് വന്നിരുന്നു. പിന്നീട്, മടങ്ങുന്നതിനിടെയാണ് പാമ്പ് കൈയിലേക്ക് ഇഴഞ്ഞുകയറിയത്. വീണ ഓടിമാറിയപ്പോഴേക്കും പാമ്പ് സ്കൂട്ടറിനുള്ളിലേക്ക് തിരികെ കയറി. സ്കൂട്ടര്‍ മറിച്ചിട്ട് നോക്കിയിട്ടും കണ്ടില്ല. പിന്നീട്, വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ സഹായത്തോടെ സ്കൂട്ടറിന്റെ മൂടി ഇളക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുകണ്ടാണ് ഇതുവഴിപോയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഒപ്പം കൂടിയത്. പരിശോധനക്കിടയില്‍ സമീപത്തെ ഓടയിലേക്കു ചാടിയതിനാല്‍ പാമ്പിനെ പിടിക്കാനായില്ല. അതുകൊണ്ടു തന്നെ കറുപ്പു നിറമുള്ള വിരല്‍ വണ്ണമുള്ള പാമ്പ് ഏതിനമായിരുന്നുവെന്നും അറിയില്ല. എന്തായാലും പാമ്പിനെ കണ്ടതോടെ കുറച്ചുദിവസത്തേക്ക് വാഹനം ഓടിക്കുന്നില്ലെന്ന തീരുമാനമെടുത്തെന്ന് രാഷ്ട്രദീപികയോട് വീണ പറഞ്ഞു.