സര്‍ക്കാര്‍ പറഞ്ഞാല്‍ പറഞ്ഞതാ, സെറീന വില്യംസിന് എടപ്പാളില്‍ റേഷന്‍കാര്‍ഡ്!

serenaബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് ആലിയെ കേരളീയനാക്കിയത് മുന്‍ കായികമന്ത്രി ഇ.പി. ജയരാജനാണ്. ഇപ്പോള്‍ അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന് കേരളത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വെങ്ങിനിക്കര തലശ്ശേരിപറമ്പില്‍ അബൂബക്കറിന്റെ ഭാര്യ സെറീനയുടെ പേരാണ് ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിച്ച കരട് റേഷന്‍ കാര്‍ഡില്‍ സെറീന വില്യംസ് എന്നു തെറ്റിവന്നത്. നേരത്തേ അബൂബക്കറിന്റെ പേരിലുള്ള കാര്‍ഡില്‍ കുടുംബനാഥയായി ഭാര്യ സെറീനയുടെ പേരാണു ചേര്‍ത്തത്. ഈ പേരാണു സെറീന വില്യംസ് എന്നു തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. റേഷന്‍ കാര്‍ഡിലെ പേര് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇവര്‍.

സെറീനയുടേത് മാത്രമല്ല, വീട്ടിലെ മറ്റ് അംഗങ്ങളില്‍ ചിലരുടെ പേരുകളും തെറ്റായാണു നല്‍കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി തെറ്റുകള്‍ പരിഹരിക്കാന്‍ അവസരമുണ്ടെങ്കിലും ഒരു തവണ മാത്രമേ തെറ്റുതിരുത്താന്‍ സാധിക്കുന്നുള്ളൂവെന്നു പലരും പരാതിപ്പെടുന്നു. പിന്നീടുവരുന്ന തെറ്റുകള്‍ തിരുത്താന്‍ സപ്ലൈ ഓഫിസിലോ പഞ്ചായത്തിലോ അപേക്ഷ നല്‍കേണ്ട അവസ്ഥയാണ്. ഇത് ആദ്യമായല്ല റേഷന്‍ കാര്‍ഡില്‍ അബദ്ധങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പലയിടത്തും തെറ്റുകളുടെ കൂമ്പാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts