ബംഗളൂരു: പ്രവാസി വ്യവസായിയായ ഭാസ്കര്‍ ഷെട്ടിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതികള്‍ ഭാസ്കര്‍ ഷെട്ടിയെ വകവരുത്തുന്നതിനായി മാര്‍ഗം തിരഞ്ഞത് ഗൂഗിളിലാണെന്നാണ് സിഐഡി വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഒരാളെ എങ്ങനെ കൊല്ലാം, തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം, മനുഷ്യനെ ഏറ്റവും വേഗത്തില്‍ കൊല്ലുന്നത് എങ്ങനെ എന്നിങ്ങനെയാണ് കൃത്യത്തിനു മുമ്പ് അവര്‍ ഗൂഗിളില്‍ അന്വേഷിച്ചതെന്നും സിഐഡി അറിയിച്ചു.
ജൂലൈ 28നാണ് ഭാസ്കര്‍ ഷെട്ടി കൊല്ലപ്പെട്ടത്. കേസ് സംബന്ധിച്ച് 1,300 പേജുള്ള കുറ്റപത്രം സിഐഡി ഉഡുപ്പി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷെട്ടിയുടെ ഭാര്യ രാജേശ്വരി ഷെട്ടി (50), മകന് നവനീത് ഷെട്ടി (20), കുടുംബജ്യോത്സ്യന്‍ നിരഞ്ജന് ഭട്ട് (26) എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഷെട്ടിയെയും ഭാസ്കര്‍ ഷെട്ടിയുടെ ഡ്രൈവര്‍ രാഘവേന്ദ്രയെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവനീത് ഷെട്ടിയുടെ ഉഡുപ്പിയിലെ വീട്ടില്‍ നിന്ന് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തില്‍ മൂവരും ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കൊലപാതകത്തിന്റെ എളുപ്പമാര്ഗങ്ങളെക്കുറിച്ചായിരുന്നുവെന്ന് കണ്ടെത്തിയതായി സിഐഡി വൃത്തങ്ങള്‍ അറിയിച്ചു. മരണവെപ്രാളത്തില്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ എങ്ങനെ തടയാമെന്നു കണ്ടെത്തിയതും ഗൂഗിളില്‍ നിന്നായിരുന്നു. ഭാസ്കര്‍ ഷെട്ടിയുടെ കണ്ണില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം കൊലപ്പെടുത്താനാണ് ഇവര്‍ തീരുമാനിച്ചതെന്നും സിഐഡി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ദുബായിലും ദക്ഷിണ കന്നഡയിലുമായി നിരവധി സ്ഥാപനങ്ങളും ഹോട്ടലുകളുമുണ്ടായിരുന്ന ഭാസ്കര്‍ ഷെട്ടിയെ ഉഡുപ്പിയിലെ വീട്ടില്‍ വച്ച് ഭാര്യയും മകനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് ഇരുവരും നിരഞ്ജന്റെ സഹായത്തോടെ മൃതദേഹം നന്ദലികെ ഗ്രാമത്തിലെ വസതിയിലുള്ള ഹോമകുണ്ഠത്തില്‍ വച്ച് കത്തിച്ചു. പിന്നീട് നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഷെട്ടിയും ഭാസ്കര്‍ ഷെട്ടിയുടെ ഡ്രൈവര്‍ രാഘവേന്ദ്രയും ചേര്‍ന്ന് ഹോമകുണ്ഠം പൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം നദിയിലൊഴുക്കിയെന്നുമാണ് ആരോപണം.