കൊട്ടാരക്കര: ബാങ്ക് കുത്തിത്തുറന്ന് കിട്ടിയ പൈസയല്ലേ, അതും ലക്ഷങ്ങള്‍. ലക്ഷാധിപതിയായതിനുശേഷം വന്ന ദീപാവലി ആഘോഷിച്ചില്ലെങ്കിലെന്ത്. അവര്‍ ആര്മാദിച്ചു. ആവശ്യത്തിനു പടക്കവും പൊട്ടിച്ചു. ഒടുവില്‍ പോലീസിന്റെ വലയിലുമായി. അങ്ങ് കൊട്ടാരക്കരയിലാണ് സംഭവം. ധനകാര്യസ്ഥാപനത്തിലെ ലോക്കറുള്പ്പെടെ 47 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ നാല് പ്രതികളാണ് പിടിയിലായത്. നെടുവത്തൂര്‍ അമ്പലത്തുംകാല സുനിതാഭവനില്‍ സുനില്‍ബാബു (23) അംബികാ വിലാസത്തില്‍ അഖില്‍ (20) ചാലൂക്കോണം വിഷ്ണുവിഹാറില് വിഷ്ണു (25) അമ്പലത്തുംകാല കൊതുമ്പില്‍ തെക്കേക്കര രമ്യഭവനില്‍ രഞ്ജിത്ത് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 27 നായിരുന്നു കൊട്ടാരക്കര ചന്തമുക്കിലുള്ള എല്‍ ആന്റ്ടി മൈക്രൊ ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ലോക്കര്‍ സഹിതം 42 ലക്ഷം രൂപ മോഷണം പോയത്. ഈ വാര്‍ത്ത രാഷ്ടദീപികഡോട്ട്കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്റി തെഫ്റ്റ് സ്ക്വാഡ് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അമ്പലത്തുംകാല ഭാഗത്ത് ദീപാവലി ദിവസം കുറെ ചെറുപ്പക്കാര്‍ പണം ധൂര്‍ത്തടിക്കുകയും ആവശ്യത്തിലധികം പടക്കം പൊട്ടിക്കുകയും ചെയ്തതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ ഇടയാക്കിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ നിരീക്ഷിച്ചാണ് സുനില്‍ബാബുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ പറ്റിയും നെടുവത്തൂരില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണവിവരവും അറിയുന്നത്. ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന എല്‍ആന്റ്ടി ഫിനാന്‍സില്‍ നിന്ന് 42 ലക്ഷം രൂപ കവര്‍ന്നത് ഒന്നും രണ്ടും പ്രതികളും പിടികൂടാനുള്ള ശ്യാമും ചേര്‍ന്നാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നെടുവത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ എസ്കെഎസ് ഫിനാന്‍സില്‍ നിന്നും ലോക്കര്‍ അടക്കം അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മോഷ്ടിക്കാന്‍ സുനിലിനൊപ്പം ഉണ്ടായിരുന്നവരാണ് വിഷ്ണുവും രഞ്ജിത്തും.
സുനിലിന്റെ വീട്ടിലെ ഹോം തീയറ്റിന്റെ ബോക്സില്‍ നിന്നും 17 ലക്ഷം രൂപയും കണ്ടെത്തി. ബാക്കിപണം പ്രതികള്‍ വീതിച്ചെടുക്കുകയും 40ഓളം പേര്‍ക്ക് 2000 രൂപ വീതം നല്‍കുകയും ചെയ്തു. പ്രതികള്‍ മൂന്ന് പേരുംകൂടി ബൈക്കില്‍ എത്തി ആക്സോബ്ലേയ്ഡ് ഉപയോഗിച്ച് പൂട്ട് പൊളിച്ചശേഷം ലോക്കറുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് രാഷ്ട്ദീപികഡോട്ട്കോമിനോട് പറഞ്ഞു.
സുനിലിന്റെ വീട്ടിലെത്തി ആരുമില്ലാത്ത സമയത്ത് കോടാലി ഉപയോഗിച്ച് ലോക്കര്‍ വെട്ടിപൊളിച്ചശേഷം പണം എടുക്കുകയായിരുന്നു. ലോക്കര്‍ സുനിലിന്റെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തു. നെടുവത്തൂര്‍ കേസിലെ ലോക്കര്‍ ഇരുമ്പനങ്ങാടിന് സമീപമുള്ള കിണറ്റില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളിലൊരാളായ അഖില്‍ അന്ന് തന്നെ ചെങ്കോട്ടയിലേക്ക് ജോലിക്കായി പോയി. ഇയാള്‍ക്ക് 2000 രൂപ മാത്രമെ മറ്റുള്ളവര്‍ നല്‍കിയുള്ളൂവെന്നും പോലീസ് പറഞ്ഞു. പുതിയ ബൈക്കിനും കാറിനും പ്രതികള്‍ അഡ്വാന്‍സ് നല്‍കുകയും വിവിധയിടങ്ങളില്‍ ടൂറിന് പോയതായും ഡിവൈഎസ്പി ബി.കൃഷ്ണ”കുമാര്‍ പറഞ്ഞു.