സീമ മോഹന്‍ലാല്‍
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോള്‍ കണ്‍മണി കാത്തിരിക്കുകയായിരുന്നു. സ്വര്‍ണനിറവും കറുപ്പും ചേര്‍ന്ന പട്ടുപാവാടയണിഞ്ഞ് മുടിയില്‍ മുല്ലപ്പൂ ചൂടി കൈയില്‍ റോസ് നിറത്തിലുള്ള ടെഡിബെയറുമായിട്ടുള്ള ആ നില്‍പ്പിന് ഏറെ ചന്തമുണ്ടായിരുന്നു. ഇന്ത്യയുടെ കുഞ്ഞു സെലിബ്രിറ്റി ആയതിന്റെ സന്തോഷം ആ മുഖത്തുണ്ട്.
ഇന്ത്യയില്‍ നിന്ന് ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്ത് മൂന്നു പട്ടങ്ങള്‍ സ്വന്തമാക്കി മലയാളികളുടെ പൊന്മണിയായിരിക്കുകയാണ് കണ്‍മണി. ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് 2016, മിസ് ഇന്റര്‍നെറ്റ് വോട്ടിംഗ് -2016, ബെസ്റ്റ് റാംപ് മോഡല്‍ 2016 എന്നീ പട്ടങ്ങളാണ് ഈ ഏഴുവയസുകാരി സ്വന്തമാക്കിയത്. ഇനി ബള്‍ഗേറിയയില്‍ നടക്കുന്ന കിംഗ് ആന്‍ഡ് ക്വീന്‍ 2016 മത്സരത്തിലും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് വേള്‍ഡ് 2016ലും പങ്കെടുക്കാനുള്ള ക്ഷണവും കണ്‍മണിക്കു ലഭിച്ചു. കൊച്ചുസുന്ദരിയായ കണ്‍മണി അനൂപ് ഉപാസനയുടെ വിശേഷങ്ങളിലേക്ക്…
Little Miss കണ്‍മണി
ജോര്‍ജിയയില്‍ നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് മൂന്നു പേരുണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തല്‍, ജന്മനാടിനെക്കുറിച്ച് പറയല്‍, ഡാന്‍സ്, പാട്ട്, റാംപ് വോക്ക്, ജോര്‍ജിയയുടെ ദേശീയഗാനം പാടുക എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍. ഞാന്‍ മറ്റു കുട്ടികളുമായി പെട്ടെന്ന് കൂട്ടായി. ക്ലാമിയ, ഡിമോഗ ഇവരൊക്കെ എന്റെ കൂട്ടുകാരായിരുന്നു.
ഞങ്ങള്‍ എറണാകുളത്താണ് താമസമെങ്കിലും അച്ഛന്റെ നാടായ നീലഗിരിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അവിടത്തെ മനോഹാരിതയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. പിന്നെ മിസ് ഇന്‍ര്‍നെറ്റ് വോട്ടിംഗും എനിക്കാണ് ലഭിച്ചത്. എന്റെ ചിരി കണ്ടിട്ട് 2,45,000 വോട്ടാണ് കിട്ടിയത്. പിന്നെ ഒരു ദിവസം ഞങ്ങളെ വാട്ടര്‍ തീം പാര്‍ക്കില്‍ കൊണ്ടുപോയി. റാംപ് വോക് അവസാനമായിരുന്നു. എന്റെ അമ്മ നല്ലൊരു ഫാഷന്‍ ഡിസൈനര്‍ ആണ്. അമ്മ ഡിസൈന്‍ ചെയ്തു തരുന്ന ഗൗണൊക്കെ ഇടുമ്പോള്‍ എന്നെങ്കിലും ക്യാറ്റ് വോക്ക് നടത്താന്‍ കഴിയണേയെന്നു ഞാന്‍ ആശിച്ചിട്ടുണ്ട്. ജോര്‍ജിയയില്‍ വച്ച് അടിപൊളി ഡ്രസൊക്കെയിട്ട് ഞാന്‍ റാംപില്‍ ക്യാറ്റ് വോക്ക് നടത്തി. അങ്ങനെയാണ് ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് മത്സരത്തില്‍ ടോഡ് മിസ് ലിറ്റില്‍ യൂണിവേഴ്‌സ് 2016, മിസ് ഇന്റര്‍നെറ്റ് വോട്ടിംഗ് -2016, ബെസ്റ്റ് റാംപ് മോഡല്‍ 2016 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയത്.
ലിറ്റില്‍ സെലിബ്രിറ്റി
സ്കൂളിലും നാട്ടിലുമൊക്കെ ഞാനൊരു കുഞ്ഞു സെലിബ്രിറ്റിയാണിപ്പോള്‍. ടീച്ചേഴ്‌സും കൂട്ടുകാരുമൊക്കെ കണ്‍ഗ്രാറ്റ്‌സ് പറഞ്ഞു. കൂട്ടുകാര്‍ക്കൊക്കെ ജോര്‍ജിയയിലെ വിശേഷങ്ങളൊക്കെ അറിയാന്‍ വലിയ ഇഷ്ടമാണ്.
കണ്‍മണി പൊന്മണി
അച്ഛനുമമ്മയും ഓമനിച്ച് ഇട്ട പേരാണ് കണ്‍മണി. ആ പേരുതന്നെയാണ് സ്കൂളിലും ഇട്ടിരിക്കുന്നത്. ഈ പേര് എനിക്കും ഇഷ്ടമാണ്.
തുടക്കം ഫ്‌ളവര്‍ ഷോയിലൂടെ
കലാപാരമ്പര്യമുള്ള കുടുംബമാണ് കണ്‍മണിയുടേത്. അച്ഛന്‍ അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. സംവിധായകന്‍ അനീഷ് ഉപാസനയുടെ സഹോദരനാണ് അനൂപ്. ചെറുപ്പം മുതല്‍ കാമറയും ഫോട്ടോഷൂട്ടുമൊക്കെ കണ്ടുവളര്‍ന്നതുകൊണ്ടാകാം കണ്‍മണിക്ക് കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ മോഡലിംഗിനോട് താല്‍പര്യം ഉണ്ടായിരുന്നു. മൂന്നാം വയസില്‍ കൊച്ചിന്‍ ഫ്‌ളവര്‍ ഷോയിലാണ് ആദ്യമായി പങ്കെടുത്തത്. അതില്‍ വിജയിയായി. പിന്നെ കൊച്ചി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് ഫസ്റ്റ് റണ്ണറപ്പായി. തുടര്‍ന്ന് പല സ്ഥലങ്ങളിലും നടന്ന മത്സരങ്ങളിലും പങ്കെടുത്ത് വിജയകിരീടം ചൂടി.
ആരാധന ബാര്‍ബിയോട്
ബാര്‍ബി ഡോളുകളോട് എനിക്ക് ഏറെ ഇഷ്ടമാണ്. മുറി നിറയെ ഒരുക്കിവച്ചിരിക്കുന്ന ബാര്‍ബി ഡോളുകളെ ചൂണ്ടിക്കാട്ടി കണ്‍മണി ചിരിച്ചു. പിന്നെ പാട്ടു കേള്‍ക്കാനും ചിത്രം വരയ്ക്കാനുമൊക്കെ ഇഷ്ടമാണ്. കീ ബോര്‍ഡ് വായിക്കും. പിന്നെ അച്ഛന്റെ കാമറയെടുത്ത് ഫോട്ടോയെടുക്കും. ആ ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛന്‍ നല്ലതാണെന്നാണ് പറഞ്ഞിട്ടുള്ളത്.
ഇഷ്ടം സിനിമാനടിയാകാന്‍
സിനിമാ നടിയാകാനാണ് എനിക്കിഷ്ടം. പിന്നെ വേറൊരു മോഹം കൂടിയുണ്ട്. അതെന്താണെന്നോ ഒരു ഡോക്ടര്‍ ആകണം. സിനിമാനടിയായ ഡോക്ടര്‍. അഞ്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയച്ഛന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ്‌സ് എന്ന സിനിമയില്‍ വിനായകന്‍ അങ്കിളിന്റെ മകളായിട്ടാണ് ആദ്യമായി അഭിനയിച്ചത്. അതു നല്ല എളുപ്പമായിരുന്നു. ചെറിയച്ഛന്‍ എല്ലാം പറഞ്ഞുതരും. ഞാന്‍ അതുപോലെയൊക്കെ ചെയ്യും. പിന്നെ ഒന്നാം ലോകമഹായുദ്ധം, ഓലപ്പീപ്പി എന്നീ സിനിമകളില്‍ അഭിനയിച്ചു. അതില്‍ ബിജുമേനോന്‍ അങ്കിളാണ്. ചെറിയമ്മ അഞ്ജലി ഉപാസന തന്നെയാണ് ആ ചിത്രത്തില്‍ എന്റെ അമ്മയായിട്ട് എത്തുന്നത്. ഇനി മൂന്ന് സിനിമകള്‍ കൂടി ചെയ്യാനുണ്ട്. കുറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
രാജു ഭായി എന്ന സൂര്യ
തമിഴ്‌നടന്‍ സൂര്യയുടെ വലി യൊരു ഫാനാണ് ഞാന്‍. അന്‍ജാനിലെ കഥാപാത്രമായ രാജുഭായിയെന്നാണ് സൂര്യയെ ഞാന്‍ വിളിക്കുന്നത്. തമിഴ് സംസാരിക്കുന്ന ആരെ കണ്ടാലും ഞാന്‍ രാജു ഭായിയെ അറിയുമോയെന്ന് ചോദിക്കും. അത്രയ്ക്ക് ഇഷ്ടമാണ്. രാജുഭായി കൊച്ചിയില്‍ വന്നപ്പോള്‍ പോയി ഒരു സെല്‍ഫി എടുക്കണമെന്നുണ്ടായിരുന്നു. നടന്നില്ല. ഈ മാസം അദ്ദേഹം കേരളത്തില്‍ വരുമ്പോള്‍ എന്നെ കാണാമെന്നു സമ്മതിച്ചിട്ടുണ്ട്.
കുടുംബവിശേഷങ്ങള്‍
അച്ഛന്‍ അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. അമ്മ മഞ്ജു ഫാഷന്‍ ഡിസൈനറും. ഞാന്‍ ഇടപ്പള്ളി കാംപയിന്‍ സ്കൂളില്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.