തെരുവുപട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളാണ് എവിടെയും. മനുഷ്യരെ കടിച്ചുകീറുന്ന പട്ടികളെക്കുറിച്ചാണ് മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും. എന്നാല്‍, നാലു തെരുവുപട്ടികള്‍ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കഥയാണ് ഇത്. പശ്ചിമബംഗാളിലെ പുരുലിയ ഗ്രാമത്തിലാണ് കണ്ണുനീരണിയിക്കുന്ന ഈ കഥ.
മാന്ബം വിക്ടോറിയ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനാണ് ഉല്ലാസ് ചൗധരി. തന്റെ വീട്ടില്‍ നിന്നും എളുപ്പത്തില്‍ സ്ഥാപനത്തില്‍ എത്തി ചേരുന്നതിനായാണ് പുരുലിയയിലെ കാട്ടുപിടിച്ച സ്ഥലത്തു കൂടി സഞ്ചരിച്ചത്. പെട്ടന്നാണ് അദ്ദേഹം ഒരു കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു നോക്കി. നാലു പട്ടികള്‍ എന്തോ ഒരു വസ്തുവിനു ചുറ്റും നടക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. ഉടന്‍ തന്നെ അങ്ങോട്ടേക്ക് ഓടി എത്തി. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു. പിങ്ക് നിറത്തിലുള്ള തുണി കൊണ്ടു പൊതിഞ്ഞു ഒരു കൈ കുഞ്ഞ് നിലത്ത് കിടക്കുന്നു. അദ്ദേഹത്തെ കണ്ട ഉടനെ പട്ടികള്‍ അനുസരണയോടെ നിലത്തിരുന്നു വാലാട്ടി. കുഞ്ഞിനെ കൈയിലെടുത്ത അദ്ദേഹം പെട്ടന്ന് അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍തന്നെ അയല്‍ക്കാര്‍ സ്ഥലത്ത് എത്തിചേര്‍ന്നു. പ്രവീണ്‍ സെന്‍ എന്ന വ്യക്തി കുഞ്ഞിനെ എടുത്തു പാല് കൊടുത്തു. കുഞ്ഞ് പെട്ടന്ന് കരച്ചിലും നിര്‍ത്തി.
പ്രദേശവാസികള്‍ കുഞ്ഞിനെ ചൗധരിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴും പട്ടികള്‍ അവരെ അനുഗമിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുഞ്ഞിനെ ഏറ്റെടുത്തു. ഇവര്‍ കുഞ്ഞിനെ ദേവന് മഹതോ സദാര്‍ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ്ചെയ്തു. കുഞ്ഞു ജനിച്ചിട്ട് ഏഴു മുതല്‍ പത്ത് ദിവസമായതേ ഉള്ളുവെന്നാണ് ആശുപത്രി അധികാരികള്‍ പറയുന്നത്. ആശുപത്രിയിലെ ശിശുക്കളുടെ പ്രത്യേക വിഭാഗത്തിലാണ് കുഞ്ഞിനെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 2.8കിലോ തൂക്കമുള്ള കുട്ടിയില്‍ മഞ്ഞപ്പിത്തതിന്റെ ലക്ഷണങ്ങളുണ്ട്. എന്നാല്‍ പേടിക്കാനൊന്നുമില്ലന്ന് ഡോക്ടര്‍ ശിവ്ശങ്കര് മെഹ്തോ പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയത് ഒരു ശനിയാഴ്ച്ചയായതിനാല്‍ ആയതുകൊണ്ട് സാനിയ എന്ന് കുട്ടിക്ക് പേരിട്ടതായി ചൈല്‍ഡ് ലൈന്‍ ഹെല്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ദിപാന്‍കര്‍ സര്‍ക്കാര്‍ പറഞ്ഞു. കുട്ടിയെ ആശുപത്രയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യ്താല്‍ ബദ്ബാന്ദിലെ സംസ്ഥാന റണ്‍-ഹോം-കം അഡോപ്ഷന്‍ സെന്റെറിലേക്കു മാറ്റും. അന്ന് ആ നാലു പട്ടികള്‍ ഇല്ലായിരുന്നുവെങ്കില്‍ കുട്ടിയെ നമ്മള്‍ക്ക് ലഭിക്കില്ലായിരുന്നുവെന്ന് ചൗദരി പറഞ്ഞു.