ബെലോഹൊറിസോണ്ടെ: ബ്രസീലിനാണേല് പോരാം. പറയുന്നത് നെയ്മര്‍, ആരോടെന്നോ മെസിയോട്. ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ശത്രുതയ്ക്ക് പഴക്കമേറെയുണ്ടെങ്കിലും നെയ്മറും മെസിയും വലിയ കൂട്ടുകാരാണെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയാണ്.നാളെ പുലര്‍ച്ചെ ബെലോ ഹൊറിസോണ്ടയില്‍ നടക്കുന്ന ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ബാഴ്സലോണയില്‍ നിന്ന് യാത്ര തിരിക്കും മുമ്പാണ് നെയ്മര്‍ മെസിയോടും മറ്റൊരു അര്‍ജന്റൈന്‍ താരമായ ഹാവിയര്‍ മസ്കരാനോയോടും ലിഫ്റ്റ് തരാമെന്നു പറഞ്ഞത്.
ഇരുവരും സ്നേഹപൂര്‍വം ലിഫ്റ്റ് സ്വീകരിച്ച് നെയ്മറുടെ സ്വകാര്യ വിമാനത്തില്‍ ബ്രസീലിലെത്തി. മൂവരും ബാഴ്സലോണ ക്ലബ്ബിനു വേണ്ടി ഒരുമിച്ചു കളിക്കുന്നവരാണ്. നെയ്മറും മെസിയും തമ്മിലുള്ള സൗഹൃദം വളരെ പ്രശസ്തമാണ്. ഇരുവരുടെയും ഓഫ് ഫീല്‍ഡ് സൗഹൃദം പല മത്സരങ്ങളില്‍പ്പോലും തുണയായിട്ടുമുണ്ട്. പരസ്പരധാരണയോടെയാണ് ഇരുവരും ബാഴ്സയ്ക്കു വേണ്ടി കളിക്കുന്നത്.മൂന്നു പേരും വിമാനത്തിലിരിക്കുന്ന ഫോട്ടോ നെയ്മര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.