പി.സി. ജോര്‍ജ് അടുത്തനിമിഷം എന്തു പറയുമെന്നോ ചെയ്യുമെന്നോ ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. അത്രയധികം നാടകീയതയാണ് പിസിയുടെ നീക്കങ്ങളില്‍. എരുമേലി എംഇഎസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കും അക്കാര്യം ഇന്നലെ മനസിലായി. പമ്പ-എരുമേലി ത്രിദിന ശുചീകരണ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോഴാണ് പിസി ജോര്‍ജ് സദസിനെ ഞെട്ടിച്ചത്. എപ്പോഴും കൈയില്‍ തോക്കുമായാണോ യാത്രയെന്ന് പൂഞ്ഞാര്‍ എംഎല്‍എയായ ജോര്‍ജിനോട് ഒരു കോളജ് വിദ്യാര്‍ഥിയുടെ ചോദ്യം. ഉടന്‍ പിഎയെ വിട്ട് കാറില്‍ നിന്നു കൈത്തോക്ക് വേദിയില്‍ കൊണ്ടുവന്ന് ഉയര്‍ത്തിക്കാണിച്ചാണ് പിസി ഇതിന് മറുപടി നല്‍കിയത്.
ഈ തോക്ക് ഫുള്‍ ലോഡഡ് ആണെന്നും ആറ് ബുള്ളറ്റുകള്‍ നിറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് തന്റെ അധിപരെന്നും അവരുടെ സംരക്ഷകരാണ് ജനപ്രതിനിധികളെന്നും ഈ രാജ്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കരുതെന്നും പറഞ്ഞ അദ്ദേഹം ഏറ്റവും മാലിന്യം തിന്മകളാണെന്നും അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ 80ഓളം അഫലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഏതായാലും പിസിയുടെ തോക്ക് കഥ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.