ബൈക്ക് കൈയില്‍ കിട്ടിയാല്‍ ഒന്നും നോക്കാതെ പായുന്നതാണ് യുവാക്കളുടെ രീതി. പ്രത്യേകിച്ച് കൊച്ചിയിലെ ചെത്തുപിള്ളേര്‍. പുറകിലിരിക്കാന്‍ ഒരു പെണ്ണു കൂടിയുണ്ടെങ്കില്‍ പിന്നെ എന്തുമാകാമെന്നാണ് ഇവരുടെ വിചാരം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നടന്നതും ഇത്തരത്തിലൊരു ദുരന്തമാണ്. ഇടപ്പള്ളി–വൈറ്റില ബൈപ്പാസില്‍ അമിതവേഗതയില്‍ എത്തിയ സ്പോട്സ് ബൈക്ക് ഇടിച്ചു പൂര്‍ണഗര്‍ഭിണിയായ യുവതിക്കു ഗുരുതര പരിക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടപ്പള്ളി അല്അമീന് സ്കൂളിലെ അധ്യാപികയായ മരട് സ്വദേശിനിയായ മേഘ ദിന്‍ഷ(30)നാണു പരിക്കേറ്റത്. ഒമ്പതുമാസം ഗര്‍ഭിണിയായ ഇവരെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു.
ഇന്നലെ വൈകുന്നേരം മൂന്നോടെ ഇടപ്പള്ളി–വൈറ്റില ബൈപ്പാസില്‍ പാലരിവട്ടത്തിനടുത്തായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കവേ വൈറ്റില ഭാഗത്തുനിന്ന് അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. സമീപത്തെ മീഡിയനില്‍ തലയിടിച്ചു വീണ യുവതിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുര്ന്നു വെന്റിലേറ്ററിലേക്കു മാറ്റി. ബൈക്ക് ഓടിച്ചിരുന്ന കണ്ണമാലി സ്വദേശി ബേര്‍ണി ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. ബൈക്ക് വാങ്ങാനെത്തിയ യുവാവ് പരീക്ഷണ ഓട്ടത്തിനായി ഷോറൂമില്‍നിന്നു വാഹനവുമായി പോകുമ്പോഴായിരുന്നു അപകടമെന്നു പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടെയുണ്ടായിരുന്ന കാമുകിയെ വിട്ടയച്ചു.
ചക്കരപ്പറമ്പിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണു പിടിയിലായ യുവാവ്. താന്‍ വാഹനം ടെസ്റ്റ് െ്രെഡവ് നടത്തുകയായിരുന്നുവെന്നും വേണ്ടത്ര സുരക്ഷാ നിര്‍ദേശങ്ങള്‍ ഇല്ലാതെയാണ് വാഹനം ഷോറൂം അധികൃതര്‍ ടെസ്റ്റ് െ്രെഡവിനായി തന്നതെന്നുമാണ് യുവാവ് പറയുന്നത്. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ ബൈക്ക് ഓടിക്കാനാണ് നിര്‍ദേശിച്ചിരുന്നതെന്നും ഇയാള്‍ നിര്‍ദേശം അവഗണിക്കുകയായിരുന്നുവെന്നും ഷോറൂം അധികൃതര്‍ രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു. ഒരു ലോറിയുടെ പിന്നിലൂടെ യുവാവ് ബൈക്കില്‍ പാഞ്ഞെത്തുകയായിരുന്നു. ലോറിക്കു മുന്നിലെത്തിയ ശേഷം ബൈക്ക് പ്രത്യേക രീതിയില്‍ ഇടത്തേക്കും വലത്തേക്കും വെട്ടിച്ച് ഓടിക്കുകയും ചെയ്തു. ഇതിനുശേഷം വേഗമെടുത്തു പായുന്നതിനിടയിലാണ് റോഡിന്റെ മുക്കാല്‍ഭാഗവും പിന്നിട്ടിരുന്ന മേഘയെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്ക് അന്‍പതു മീറ്ററോളം റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവാവിനൊപ്പം ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടിക്ക് നിസാര പരുക്കേറ്റു. അതേസമയം, യുവാവിനെതിരേ ദുര്ബലവകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ആരോപിച്ചു.