കല്‍പ്പറ്റ: വാഗ്ദാനം ലഭിച്ച ദേശീയ പട്ടികവര്‍ഗ കമ്മീഷന് അംഗത്വം വൈകുന്നതിനെച്ചൊല്ലി ആദിവാസി ഗോത്രമഹാസഭയുടെയും ജനാധിപത്യ രാഷ്ട്രീയ സഭയുടെയും (ജെആര്‍എസ്) അധ്യക്ഷയായ സി.കെ. ജാനു ബിജെപി നേതൃത്വവുമായി ഇടയുന്നു. കമ്മീഷന് അംഗത്വം ലഭിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് ഇന്നു രാവിലെ കോട്ടയത്ത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജാനു ആവശ്യപ്പെട്ടതായാണ് വിവരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെ ടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡല ത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയിരുന്നു ജാനു. പുതുതായി രൂപീകരിച്ച ജെആര്‍എസിനെ എന്‍ഡിഎയുടെ ഭാഗമാക്കിയാണ് അവര്‍ തെരഞ്ഞെ ടുപ്പിനെ നേരിട്ടത്. രാജ്യത്തിനകത്തും പുറത്തും പേരെടുത്ത ആദിവാസി നേതാവായ ജാനുവിനെ ചില ഉറപ്പുകള്‍ നല്‍കിയാണ് ദേശീയ ജനാധിപത്യ സഖ്യത്തിനു അമരം പിടിക്കുന്ന ബിജെപി കൂടെ നിര്‍ത്തിയത്. തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകള്‍ക്കുശേഷമാണ് ബിജെപി നേതൃത്വം പട്ടികവര്‍ഗ കമ്മീഷന് അംഗമാക്കുമെന്ന സൂചന ജാനുവിന് നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയില്ല. ഇത് ജാനുവിനെയും ജെആര്‍എസ് നേതൃത്വത്തെയും ചൊടിപ്പിച്ചി രിക്കയാണ്.
ദേശീയ പട്ടികവര്‍ഗ കമ്മീഷന് അംഗമാക്കിയതായുള്ള ഉത്തരവ് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് കോഴിക്കോട് നടന്ന നാഷണല്‍ കൗണ്‍സിലിനിടെ ജാനുവിന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ വാക്ക് നല്‍കിയിരുന്നു. ഇത് വെറുതെയായതിലുള്ള അതൃപ്തി ജാനു എന്‍ഡിഎയുടെ കേരള ചുമതലയുള്ള കര്‍ണാടക എംപി രാജീവ് ചന്ദ്രശേഖറിനെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഇടത്, വലത് മുന്നണികളെപോലെ ആകരുതെന്നും തീരുമാനം വൈകീയാല്‍ ജെആര്‍എസ് സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്ന് രാജീവ് ചന്ദ്രശേഖറിനോട് ജാനു തുറന്നടിച്ചതായും വിവരമുണ്ട്.
ജാനുവിന് പട്ടികവര്‍ഗ കമ്മീഷന് അംഗത്വം ലഭിക്കാതിരിക്കാന്‍ ആരോ കളിക്കുന്നുണ്ടെന്ന സംശയത്തിലാണ് ജെആര്‍എസ് നേതൃത്വം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ജാനുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂന്നു മാസം മുമ്പ് ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ചതാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ് സംസ്ഥാന ഘടകത്തിനും ജാനുവിനു പദവി നകുന്നതിനോട് താത്പര്യ വുമാണ്. രാജ്യസഭാംഗത്വം സുരേഷ്ഗോ പിക്കുപകരം ജാനുവിനു നല്‍കേണ്ടതായിരുന്നുവെന്ന് നിലപാടു പോലും അര്‍എസ്എസ് സ്വീകരിക്കു കയുണ്ടായി.
എന്നിട്ടും പദവി പ്രഖ്യാപനം വൈകുന്നതിനു പീന്നില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ ആദിവാസികളിലെ മേല്ത്തട്ടുകാരുമായി അടുത്തുനില്ക്കുന്ന വിഭാഗത്തിന്റെ ഇടപെടലാണെന്നാണ് ജെആര്‍എസിന്റെ സന്ദേഹം. ഘടകകക്ഷിയായ ബിഡിജെസിനു നല്കിയ വാഗ്ദാനങ്ങളും എന്‍ഡിഎ നേതൃത്വം പാലിച്ചിട്ടില്ല. എന്നിരിക്കെ ബിഡിജെസ് നേതാക്കളുടെ പരിഭവത്തിനു കാരണമാകുമെന്നതിനാലാകാം ജാനുവിന് പദവി നല്‍കുന്നത് വൈകുന്നതെന്ന് കരുതുന്നവരും ജെആര്എസിലുണ്ട്.
മാനന്തവാടി തൃശിലേരി ചെക്കോട്ട് അടിയ കോളനിയിലെ കരിയന്റെ മകളാണ് 46കാരിയായ ജാനു. സിപിഎം നിയന്ത്രണത്തിലുളള കര്‍ഷക തൊഴിലാളി യൂണിയനിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1982ല്‍ സിപിഎം വിട്ട ജാനു സന്നദ്ധസം ഘടനകളുമായി സഹകരിച്ചാണ് ആദിവാസി വിഷയങ്ങളില്‍ വ്യാപരി ക്കാന്‍ തുടങ്ങിയത്. 1992ല്‍ സൗത്ത് സോണ്‍ ആദിവാസി ഫോറം അധ്യക്ഷയായ അവര്‍ 1994ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയില്‍നിന്നുള്ള ആദിവാസി വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.
ആദിവാസികള്‍ക്കിടയിലെ ഭൂരാഹിത്യം, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സമരങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്കി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ 2003 ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 19 വരെ നടന്ന ഭൂസമരമാണ് ഇതില്‍ പ്രധാനം. 2001ല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ 48 ദിവസം നീണ്ട കുടില്കെട്ട് സമരത്തിനു പിന്നാലെ 2002ല്‍ രൂപീകരിച്ച ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മുത്തങ്ങ സമരം. മുത്തങ്ങ സമരം നേടിക്കൊടുത്ത അന്തര്‍ദേശീയ പ്രശസ്തിയും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാനുവിനെ ബിജെപി ഒപ്പം കുട്ടിയത്.