മാനന്തവാടി: ഇടതു മുന്നണി കേരളത്തില്‍ അധികാരത്തിലേറിയത് കള്ളപ്പണക്കാരുടെ സഹായത്തോ ടെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കേരളാ ആദിവാസി സംഘം ജില്ലാ കമ്മിറ്റി ക്ഷീരസംഘം ഹാളില്‍ സംഘടിപ്പിച്ച ആദിവാസിഭൂസമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അവര്‍. കള്ളപ്പണമാഫിയയ്ക്ക് കടിഞ്ഞാണിടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ രാഷ്ട്രീയ പ്രതിയോഗിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പോലും സ്വാഗതം ചെയതു.
കേരളത്തിലെ ഭരണകൂടം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്. അധികാരത്തിലേറാന്‍ സഹായിച്ച കള്ളപ്പണക്കാരോടുള്ള നന്ദിപ്രകടനമായേ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പ്രസ്താവനയെ കാണാന്‍ കഴിയൂ. ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണ്. ആദിവാസികളെ വനം കൈയേറി കുടിലുകള്‍ കെട്ടാന്‍ പ്രേരിപ്പിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ അവരെ തമസ്കരിക്കുകയാണ്. പട്ടികവര്‍ഗ വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്.
സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനു ദേശീയ പട്ടിവര്‍ഗ കമ്മീഷന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തും. ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും നല്‍കുന്നതിനു ആവശ്യമായ ഭൂമി കേരളത്തിലുണ്ട്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാതെ ഇത്തരംഭൂമി തിരിച്ചുപിടിക്കാനുളള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം-ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് പാലേരി രാമന്‍ അധ്യക്ഷനായിരുന്നു. എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ചു, വൈസ് പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.