കള്ളം പൊളിയുന്നു? നോട്ട് പിന്‍വലിക്കുന്നത് ബിജെപിക്കാര്‍ നേരത്തേ അറിഞ്ഞിരുന്നു, ബാങ്കിലെത്തിയത് കോടികള്‍, അരവിന്ദ് കേജരിവാളിന്റെ ആരോപണങ്ങള്‍ ഇങ്ങനെ

kejariwal500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ കള്ളക്കളിയോ? കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ വലയ്ക്കുമ്പോള്‍ ഗുരുതരമായ ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. കള്ളപ്പണത്തിന്റെ പേരില്‍ നടന്നിരിക്കുന്നതു വന്‍ അഴിമതിയാണെന്നും 500, 1000 കറന്‍സികള്‍ അസാധുവാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. ബിജെപിക്കെതിരേ ഗുരുതരമായ ആരോപണമാണ് ഡല്‍ഹി മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

ബിജെപിയും മറ്റു ചിലരും കറന്‍സി പിന്‍വലിക്കുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്നു. ആയിരക്കണക്കിനു കോടിക്കണക്കിനുരൂപ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബാങ്കില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. ഇതു കള്ളപ്പണക്കാര്‍ക്കെതിരേയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, സാധാരണക്കാര്‍ക്കെതിരേയുള്ളതാണ്.  ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ബാങ്കിലേക്ക് പണമൊഴുകിയിരിക്കുകയാണ്. ഇത് ആരുടെ പണമാണെന്ന് അന്വേഷിക്കണം.

ബിജെപി ബംഗാള്‍ ഘടകം പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി ഇന്നലെ വാര്‍ത്ത പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ പിരിച്ചെടുത്ത പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിശദീകരണം. ഗുജറാത്തിലെ ഒരു പ്രാദേശികപത്രം നോട്ട് പിന്‍വലിക്കലിന്റെ വാര്‍ത്ത ഏഴുമാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കേജരിവാളിന്റെ ആരോപണത്തോടെ ബിജെപി നേതൃത്വവും സര്‍ക്കാരും പ്രതിരോധത്തിലാകും. അതേസമയം രാജ്യത്ത് നോട്ടുകളുടെ ക്ഷാമവും ബാങ്കുകള്‍ക്കു മുന്നിലെ തിരക്കും മാറ്റമില്ലാതെ തുടരുകയാണ്.

Related posts