തമിഴ് സിനിമ, സീരിയല്‍ നടി സബര്‍ണയുടെ മരണത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പോലീസ് സബര്ണയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തികളുടെ വിവരങ്ങള്‍ തിരക്കുന്നുണ്ട്. മലയാളത്തില്‍ ഹരിചന്ദനം, മായാമോഹിനി എന്നീ സീരിയലുകളില്‍ അഭിനയിച്ചിരുന്ന നടിയുടെ അടിക്കടിയുള്ള കേരള യാത്രകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സബര്‍ണയുടെ ഫോണ്‍കോളുകളും പരിശോധിക്കുന്നുണ്ട്.
അതേസമയം, സബര്‍ണയ്ക്ക് കേരളത്തിലെ ഒരു സീരിയല്‍ താരവുമായി അടുപ്പമുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാത സുഹൃത്ത് ആരാണെന്ന് ഇവരോടും നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മലയാളം സീരിയല്‍ രംഗത്തുനിന്നുള്ള ആളാണെന്ന സൂചന നല്‍കിയിരുന്നു. ഇടക്കാലത്ത് ഈ ബന്ധത്തില്‍ വിള്ളല്‍ വീണതാകാം സബര്‍ണയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അവസാന കാലത്ത് സബര്‍ണ മാനസികമായി തളര്‍ന്നിരുന്നെന്നും പലപ്പോഴും വിഷാദരോഗിയെ പോലെയാണ് തോന്നിച്ചതെന്നും അവരുടെ അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ആരോ മനപൂര്‍വം മകളെ ഇല്ലാതാക്കിയതാണെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. മാതാപിതാക്കള്ക്കൊപ്പമായിരുന്നില്ല സബര്‍ണ താമസിച്ചിരുന്നത്.
സബര്‍ണ മരിച്ചുകിടന്ന റൂമില്‍നിന്ന് കണ്ടെത്തിയ നാലു ചായക്കപ്പുകളും പോലീസിനെ കുഴയ്ക്കുന്നുണ്ട്. സബര്‍ണയുടെ മൃതദേഹം പൂര്ണനഗ്നമായിട്ടാണ് കാണപ്പെട്ടത്. വെള്ളിയാഴ്ച്ചയാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരിചന്ദനം സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് 29കാരിയായ സബര്‍ണ. മൂന്നു ദിവസമായി പൂട്ടിയിട്ടിരിക്കുന്ന സബര്‍ണയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.