ഇന്നസെന്റ് എന്നുപറഞ്ഞാല്‍ തന്നെ രസകരമായ കഥകളുടെ കൂമ്പാരമാണ്. അപ്പോള്‍ എംപി കൂടിയായാല്‍ പിന്നെ പറയുകയേ വേണ്ട. അക്കൂട്ടത്തില്‍ ഒരു രസികന്‍ കഥ ഇങ്ങനെ…പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നസെന്റ് ഡല്‍ഹിക്കുപോകുന്നു. ഒപ്പം പി.കെ. ശ്രീമതി, കെ.കെ. രാഗേഷ് എന്നീ സാമാജികരുമുണ്ട്. വിമാനം പറന്നുയര്‍ന്നു. ഇന്നസെന്റിന്റെ തൊട്ടടുത്ത് ഗുണ്ടയേപ്പോലെ തോന്നിക്കുന്ന ഒരാളാണ് ഇരിക്കുന്നത്.
മുടിയൊന്നും വൃത്തിയാക്കി വയ്ക്കാത്ത തടിച്ച ഒരു രൂപം. കണ്ടാല്‍ ക്രിമിനല്‍ കേസിലെ പ്രതിയെന്നു തോന്നുമത്രേ. ഡല്‍ഹിയിലെത്തിയപ്പോള്‍ എല്ലാവരും ബാഗ് എടുക്കാനാരംഭിച്ചു. ഒപ്പം ഇന്നസെന്റും. കാബിനില്‍ കൈയെത്തിക്കാനുള്ള ശ്രമത്തെ പൊക്കക്കുറവുകൊണ്ട് ചാലക്കുടി എംപി ഉപേക്ഷിച്ചു. രാഗേഷിനോട് സഹായം അഭ്യര്‍ഥിക്കുന്നു. ഒപ്പം ഒരു കമന്റും, എന്റെ പെട്ടിയില്ലെങ്കിലും കുഴപ്പമില്ല. കനമുള്ള ഏതെങ്കിലും മതി. ഇതോടെ നേരത്തെ പറഞ്ഞ ഗുണ്ടലുക്കിലുള്ള യാത്രക്കാരന് ഇന്നസെന്റിനെ തുറിച്ചുനോക്കി.
ആ സംഭവം അവിടെ കഴിഞ്ഞു. രണ്ടാം സീന്‍ വിമാനത്താവളത്തിനകത്താണ്. കുറേ പോലീസുകാര്‍ വന്ന് നേരത്തെ കണ്ട താടിക്കാരനെ കൊണ്ടുപോകുന്നു. സംഭവം എന്താണ് പി.കെ. ശ്രീമതി ഇന്നസെന്റിനോട് ചോദിച്ചു. പുള്ളിക്കാരന്റെ മറുപടി ഇങ്ങനെ- കണ്ടാലേ അറിയില്ലേ ക്രിമിനല്‍ കേസ് പ്രതിയാണെന്ന്. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതാണ്. ഇനി മൂന്നാം സീന്‍- പാര്‍ലമെന്റ് സമ്മേളനം നടക്കുന്നു. ഇന്നസെന്റ് നോക്കുമ്പോള്‍ നേരത്തേ കണ്ട അതേ താടിക്കാരന്. അടുത്തിരുന്ന ഉത്തരേന്ത്യന്‍ എംപിയോട് അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിച്ചു, അയാള്‍ കണ്ണുരുട്ടി പറയുന്നു, താനെന്തു എംപിയാടോ? മന്ത്രിയെ കണ്ടാല്‍ അറിയില്ലേ.