കോട്ടയം: കുമരകം അയ്യമാത്രപാലത്തിനു സമീപം കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാരപരിക്കേറ്റു. ഇന്നു രാവിലെ 11.15നായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും ചേര്‍ത്തലയ്ക്ക് പോയ സിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കാര്‍ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മതിലില്‍ ഇടിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു.
നാടകീയതകള്‍ പിന്നീടായിരുന്നു. മറിഞ്ഞ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അതിവേഗം പുറത്തിറങ്ങി. കാറിലുണ്ടായിരുന്ന രണ്ടു തടിച്ച ബാഗുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. ബാഗില്‍ എന്തായിരുന്നുവെന്നോ ആരായിരുന്നു ഡ്രൈവറെന്നോ നാട്ടുകാര്‍ക്ക് മനസിലായിട്ടില്ല. കള്ളനോട്ടുമായി ബന്ധപ്പെട്ട് പലയിടത്തും റെയ്ഡ് നടക്കുന്നതിനാല്‍ കള്ളനോട്ടുകളായിരുന്നോ ബാഗിലെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.