ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരായുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി എംപി. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മുന്നൊരുക്കങ്ങള്‍ നടത്താനുള്ള സമയം ചിലര്‍ക്ക് കിട്ടിയില്ല എന്നുള്ളതാണ് വാസ്തവമെന്നു പറഞ്ഞ സുരേഷ് ഗോപി പണം മാറ്റുന്നതിനു ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.
നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനു ഏറെ സമയം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ നല്ല തീരുമാനങ്ങളിലൊന്നാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. ദിവസവും കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ ബാങ്കുകളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സംസ്ഥാന എംപിമാരുടെ യോഗത്തിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പ്രതിഷേധമോ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.