വരുന്നത് നേരെ റാമ്പില്‍നിന്ന്. ചുമ്മാ മത്സരിക്കാന്‍ കയറിയതൊന്നുമല്ല. മിസ് ഇന്ത്യയായിട്ടാണ് ഇറങ്ങിയത്. അവിടെനിന്ന് നേരെ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക്, സിനിമയോട് മടുപ്പ് തോന്നിയപ്പോള്‍ രാഷ്ട്രീയത്തില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചു. അവിടെയും വ്യത്യസ്തയായി. ബിജെപിയെയും കോണ്‍ഗ്രസിനെയും വേണ്ടെന്ന് വച്ച് ആംആദ്മി പാര്‍ട്ടിക്കായി ചൂല് കൈയിലേന്തി. രാഷ്ട്രീയക്കാരിയുടെ ലേബലില്‍ നിന്ന് ഇപ്പോള്‍ ആദ്യ സിനിമ പൈലറ്റ് എന്ന നേട്ടവും കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ഇത്രയും പറഞ്ഞപ്പോഴേ ആളാരാണെന്ന് ഒരുവിധപ്പെട്ടവര്‍ക്ക് മനസിലായി കാണും. അതേ അതു മറ്റാരുമല്ല, ഗുല്‍പനാഗ് എന്ന ബോളിവുഡ് സുന്ദരി തന്നെ.
എന്നും വ്യത്യസ്തത കാത്തുസൂക്ഷിക്കുകയെന്നത് ഗുല്‍പനാഗിന്റെ പ്രത്യേകതയാണ്. ആണുങ്ങളുടെ കുത്തകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ച് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ ഗുല്‍ ഇപ്പോള്‍ വിമാനം പറത്താനുള്ള ലൈസന്‍സും കരസ്ഥമാക്കി. സ്വകാര്യ വിമാനം പറത്താനുള്ള ലൈസന്‍സ് കിട്ടിയ വിവരം ഗുല്‍ പനാഗ് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ധൂപ്, ഹെലോ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡ് അഭിനയ രംഗത്തെത്തിയ ഗുല്‍ പനാഗ് പിന്നീട് സിനിമ നിര്‍മാതാവുമായിരുന്നു.