ഇരിങ്ങാലക്കുട: നിക്ഷേപകരില്‍ നിന്നും 30 കോടി തട്ടിപ്പു നടത്തിയ മാള പുത്തന്‍ചിറ സ്വദേശി കര്യാപ്പിള്ളി വീട്ടില്‍ സാലിഹ(29) യില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പലതും അന്വേഷണത്തെ ബാധിക്കുമോ എന്ന സംശയത്തില്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് നൂറുകണക്കിനാളുകളില്‍നിന്നും 30 കോടി രൂപയോളം തട്ടിയെടുത്തത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് മുങ്ങിയ മുങ്ങിയ യുവതിയെ കഴിഞ്ഞ ദിവസം കൊയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. തട്ടിയെടുത്ത രൂപയുമായി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞ സാലിഹ അവിടെ നിന്നും മറ്റൊരിടത്തേക്ക് കടക്കാനായി കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്.
കോണത്തുകുന്നിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍ ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ എംഡിയായി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പണക്കാരായ വിദേശ മലയാളികളായ നിക്ഷേപകരെയും മറ്റും കണ്ടെത്തി അവരില്‍ നിന്നാണ് പണം തട്ടിയെടുത്തത്. കറുകകാട്ടുപറമ്പില്‍ അബ്ദുള്‍ മജീദില്‍നിന്ന് ഒരു കോടി 50 ലക്ഷം രൂപ തട്ടിയെടുത്തതിന് ആഗസ്റ്റ് മാസത്തില്‍ ഇരിങ്ങാലക്കുട പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നാണ് വന്‍തട്ടിപ്പു കഥകള്‍ ചുരുളഴിഞ്ഞത്.
സാലിഹക്കെതിരെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍, മാള തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂരില്‍ നഗരമധ്യത്തില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും കോണത്തുകുന്നില്‍ ഒരു വീടും സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാട ജീവിതം നയിക്കുകയാണ് ഈ തട്ടിപ്പുറാണിയുടെ രീതി. ഇരിങ്ങാലക്കുട പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടര്‍ന്ന് അപകടം മണത്തറിഞ്ഞ് സാലിഹ സംസ്ഥാനത്തിന് പുറത്ത് കടക്കുകയും അവിടെനിന്ന് ദുബായിലേയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു.
വിദേശത്തുനിന്നും പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ സാലിഹ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം കൊയമ്പത്തൂരിലെത്തി തന്ത്രപരമായി പ്രതിയെ വലയിലാക്കുകയായിരുന്നു.
ഈ കേസിലുള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതിനാല്‍ കൂട്ടുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചനയുണ്ട്. ഇരിങ്ങാലക്കുട എഎസ്പി മെറിന്‍ ജോസഫ് ഐപിഎസ്, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ എസ്‌ഐ വി.വി. തോമസ്, എഎസ്‌ഐമാരായ അനില്‍ തോപ്പില്‍, സുരേഷ് തച്ചപ്പിള്ളി, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, എം.ജെ. ജയപാല്‍, കെ.എ. ജെന്നിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.ബി. രാജീവ്, എ.വി. വിനോഷ്, വനിത സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിവ, തെസ്സിനി, ആഗ്നസ് എന്നിവര്‍ ഉണ്ടായിരുന്നു.
ആദ്യം തട്ടിപ്പിനിരയായത് ബന്ധുക്കള്‍
ഇരിങ്ങാലക്കുട: സാലിഹയുടെ തട്ടിപ്പിന് ആദ്യം ഇരയായത് സ്വന്തം ബന്ധുക്കള്‍ തന്നയാണ്. എംബിഎ ക്കു പഠിക്കുന്ന സമയത്ത് എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതിന്റെ ധൈര്യത്തിലാണ് പുതിയ സംരംഭം ആരംഭിച്ചത്. കോണത്തുക്കുന്നില്‍ ഇന്‍വെസ്റ്റുമെന്റ് സൊലൂഷ്യന്‍ ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനം തുടങ്ങി അതിന്റെ എംഡി ആവുകയായിരുന്നു. കൃത്യമായി ലാഭവിഹിതം നല്‍കിയതോടെ കൂടുതല്‍ ബന്ധുക്കളും നിക്ഷേപ തുകയുമായി സാലിഹയെ തേടിയെത്തി.
ബന്ധുക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ വ്യക്തമാക്കിയതോടെ അവരുടെ അകന്ന ബന്ധുക്കളും സുഹൃത്തുക്കളും പണം നിക്ഷേപിക്കുവാന്‍ തയ്യാറായി രംഗത്തെത്തി. ഇതോടെയാണ് അഞ്ച് വര്‍ഷം കൊണ്ട് 30 കോടി രൂപ സാലിഹ സമാഹരിച്ചത്. യാതൊരു വിധത്തിലുള്ള പരസ്യമോ ഇക്കാര്യത്തില്‍ സാലിഹ നല്‍കിയിരുന്നില്ല. സാലിഹ നടത്തിയത് തട്ടിപ്പാണെന്നറിഞ്ഞതോടെ ബന്ധുക്കളും ഇവരുടെ പ്രലോഭനങ്ങളില്‍ പെട്ട് പണം നിക്ഷേപിച്ചവരും ആശങ്കയിലാണ്. പലരും തമ്മില്‍ തമ്മില്‍ ശത്രുതയിലുമായി.
തട്ടിപ്പിനിരയായവര്‍ പോലീസിനെ സമീപിക്കണം
ഇരിങ്ങാലക്കുട: സാലിഹയുടെ തട്ടിപ്പിനിരയായി പരാതി നല്‍കാത്തവര്‍ എത്രയും പെട്ടെന്ന് പോലീസിനെ സമീപിക്കേണ്ടതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്കുമാര്‍ അറിയിച്ചു. സാലിഹയെ പിടികൂടിയതറിഞ്ഞ് ജില്ലയുടെ വിവിധഭാഗത്തുനിന്നും തട്ടിപ്പിനിരയായവര്‍ പോലീസിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പരാതിയും ലഭിച്ചതിനുശേഷം മാത്രമേ സാലിഹയുടെ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകു. എന്നാല്‍, പണം നഷ്ടപ്പെട്ടവരില്‍ പലരും പുറത്തു പറയാന്‍ തയ്യാറാവാത്ത സ്ഥിതിയിലാണ്. പലര്‍ക്കും ഇത്രയധികം പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന ഭയമാണുള്ളത്. ഇന്നലെ ചാലക്കുടി സ്‌റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തീട്ടുണ്ട്.
വന്‍ ലാഭവിഹിതം വാഗ്ദാനങ്ങള്‍ നല്‍കിയ എംബിഎക്കാരിയുടെ വാക്ചാതുര്യ കഴിവും കോടികള്‍ തട്ടിയെടുക്കാന്‍ സഹായകരമായി
ഇരിങ്ങാലക്കുട: തന്റെ കമ്പനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 10000 രൂപ ലാഭവിഹിതം വീട്ടില്‍ എത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരില്‍നിന്ന് വന്‍തുക തട്ടിയെടുത്തത്. ആദ്യമാസങ്ങളില്‍ കൃത്യമായ ലാഭവിഹിതം നല്‍കിയതിലൂടെ ജനങ്ങളുടെ കൂടുതല്‍ വിശ്വാസം ആര്‍ജിച്ചാണ് കൂടുതല്‍ പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. ഷെയര്‍മാര്‍ക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്. കോണത്തുകുന്ന് കൂടാതെ തൃശൂര്‍, കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പലഭാഗങ്ങളിലും തട്ടിപ്പിനായി ഓഫീസുകള്‍ ആരംഭിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 30 കോടി രൂപയാണ് തട്ടിയെടുത്തത്. അതിയായ വാക്ചാതുര്യം പണക്കാരെ തട്ടിപ്പിനിരയാക്കുവാന്‍ സഹായകരമായി മാറി. സംസ്ഥാനത്ത് കുറച്ചുനാള്‍ മുമ്പ് നടന്ന ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പാണ് സാലിഹ നടത്തിവന്നതെന്നു തെളിഞ്ഞു. തട്ടിപ്പ് നടത്തിയ പ്രതി എംബിഎ ക്കാരിയും ഉന്നത വിദ്യാഭ്യാസവും ഉള്ള വ്യക്തിയാണ്.
തട്ടിപ്പിന് ഒത്താശ ചെയ്തത് സാലിഹയുടെ പിതാവും സഹോദരിയും സുഹൃത്തും ഇവരും പോലീസ് നിരീക്ഷണത്തില്‍
ഇരിങ്ങാലക്കുട; പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സാലിഹയുടെ പിതാവ് ഷംസുദീനും സഹോദരി സീനത്തും സുഹൃത്ത് അഷ്ടമിചിറ സ്വദേശി ജെസിന്‍ ചന്ദനും തട്ടിപ്പിനു സഹായം നല്‍കിയതായി പോലീസ് പറഞ്ഞു. ജെസിന്‍ ചന്ദ്രന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. തട്ടിപ്പിനു സഹായികളായവര്‍ക്ക് ഇക്കാര്യത്തിലുള്ള പങ്കിനെ കുറിച്ചും കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമാകും. തട്ടിപ്പിന് സഹായിച്ചവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതികള്‍ പ്രകാരം മാത്രം ആറു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍, മാള തുടങ്ങിയ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രകാരം 30 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വില്ലയിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. റിമാന്റിലായ പ്രതിയെ അന്വേഷണത്തിനായി വിട്ടു ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്.
പ്രതിയെ കുടുക്കിയത് സോഷ്യല്‍ മീഡിയ.
ഇരിങ്ങാലക്കുട: തട്ടിപ്പ് കേസില്‍ പ്രതിയെ കുടുക്കിയത് സോഷ്യല്‍ മീഡിയയും നവമാധ്യമങ്ങളുമാണ്. സാലിഹ നടത്തിയിരുന്ന കോണത്തുകുന്നിലെ ഇന്‍വെസ്റ്റുമെന്റ് സൊലൂഷ്യന്‍ ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനം പോലീസ് നിരീക്ഷണത്തിലായതോടെ സ്ഥാപനം അടച്ചുപൂട്ടി ബന്ധപ്പെട്ടവര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. കോണത്തുകുന്നിലെ സ്ഥാപനം അടച്ചതോടെ കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച ഓഫീസുകളും അടച്ചുപൂട്ടി. സാലിഹയാകട്ടെ വിദേശ രാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു. ഇതിനിടയില്‍ പ്രതിക്കു വേണ്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളും പോലീസ് അന്വേഷണ പരിധിയിലുള്‍പ്പെടുത്തി. പ്രതിയെ സംബന്ധിച്ചുള്ള ഫോട്ടോയും കേസ് സംബന്ധിച്ചുള്ള വിവരങ്ങളും വാട്‌സപ്പ്, ഫേയ്‌സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയകളിലൂടെ പോലീസ് പരസ്യപ്പെടുത്തി. കൂടാതെ പോലീസ് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് പ്രതിക്ക് വിദേശത്ത നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്ന കൊയമ്പത്തൂരില്‍ എത്തിയ പ്രതിയെ പോലീസ് തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാങ്ക് അക്കൗണ്ടുകളും വില്ലകളും വീടും പോലീസിന്റെ അന്വേഷണ പരിധിയില്‍.
ഇരിങ്ങാലക്കുട: സാഹിതയുടെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. നാല് ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍നിന്നും പണം പിന്‍വലിച്ചതിനെ സംബന്ധിച്ചും പണം വന്ന വഴികളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. തൃശൂര്‍ നഗരമധ്യത്തിലെ വില്ലയും കോണത്തുകുന്നിലെ വീടും പുത്തന്‍ചിറയിലെ പിതാവിന്റെ വീടും പോലീസ് നിരീക്ഷണത്തിലാണ്. സാലിഹ ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്നും നമ്പറുകള്‍ ശേഖരിച്ച് അവരെ പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍സെല്ലിന്റെ സഹായം ഇതിന് ആവശ്യപ്പെടും. സാലിഹ തട്ടിയെടുത്ത പണം ഏതു വഴിക്കാണ് ചിലവിട്ടതെന്നും മറ്റാരുടെയെങ്കിലും പ്രേരണകള്‍ക്ക് വഴങ്ങിയാണോ ഇത്രയധികം പണം തട്ടിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സാലിഹയും സുഹൃത്ത് ജെസിന്‍ ചന്ദ്രനുമായുള്ള ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത് തൃശൂര്‍ ജില്ലയില്‍.-മെറിന്‍ ജോസഫ് ഐ.പി.എസ്.
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത് തൃശൂര്‍ ജില്ലയിലാണെന്ന് ഇരിങ്ങാലക്കുട എഎസ്പി മെറിന്‍ ജോസഫ് രാഷ്ട്രദീപികയോട് പറഞ്ഞു. തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലയിലുള്ളവരാണ് അധികവും. പണം എവിടെ നിക്ഷേപിക്കണമെന്നും എങ്ങിനെ നിക്ഷേപിക്കണമെന്നതിനെ കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇത്തരം സംഘങ്ങളില്‍ ചെന്നുചാടുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ അതീവ ജാഗ്രത ഉണ്ടാകണമെന്നും ആര്‍ക്കെങ്കിലും ഇത്തരം സംഭവങ്ങളില്‍ സംശയം തോന്നിയാല്‍ പോലീസിനെ സമീപിക്കാമെന്നും മെറിന്‍ ജോസഫ് വ്യക്തമാക്കി.