പൂച്ചാക്കല്‍: അരൂരില്‍ ജീപ്പ് കായലിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ച വിവരമറിഞ്ഞ് എത്തിയവര്‍ അറിഞ്ഞില്ല കാണാതായവരില്‍ തങ്ങളുടെ നാട്ടുകാരനും ഉണ്ടായിരുന്നു എന്ന്. അതോടെ അവരുടെ മനസ്സില്‍ ആകാംക്ഷവിട്ട് പ്രാര്‍ത്ഥനയും പ്രതിക്ഷയുമായി. ഇതൊന്നും നിജാസിന്റെ വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം അരൂര്‍ കൂമ്പളം പാലത്തില്‍ നിന്നും കായലിലേക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിലാണ് അരുക്കുറ്റി പഞ്ചായത്ത് എട്ടാം വാര്‍ഡ് കുടപുറം കുമ്മലയില്‍ നിജാസ് അലി (34) യെ കാണാതായത്.
പാണാവളളി കണ്ണാട്ടുകലിങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന പന്തല്‍ വര്‍ക്ക് സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു നിജാസ്. അപകടമുണ്ടായ ഇന്നലെ പാണാവളളിയിലെ ഗോഡൗണില്‍ നിന്നും പന്തല്‍ സാധനങ്ങള്‍ എടുക്കുന്നതിനായി എറണാകുളത്തു നിന്നും ജീപ്പില്‍ വരുമ്പോഴാണ് അപകടം സംഭവിച്ചത്. അപടത്തില്‍പ്പെട്ട ഒന്‍പതു പേരില്‍ 4 പേരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.