ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി വെള്ളിയാഴ്ച മുതല്‍ 2,000 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ആദ്യം 4,000 രൂപയും പിന്നീട് 4,500 രൂപയുമായിരുന്ന പരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ബിനാമികള്‍ വഴി പണം വന്‍തോതില്‍ മാറ്റിയെടുക്കുന്ന സാഹചര്യം തടയാനാണ് നടപടിയെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം വിവാഹ ആവശ്യങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ രണ്ടര ലക്ഷമായി ഉയര്‍ത്തി. വായ്പ, ഇന്‍ഷുറന്‍സ് തുകയടവിനുള്ള സമയപരിധി നീട്ടി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ വരെ അഡ്വാന്‍സ് ശബളം നല്‍കും.
കമ്പോള കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ക്ക് 50,000 രൂപ വരെ ഒറ്റത്തവണയായി പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് 25,000 രൂപ വരെ ഒറ്റത്തവണയായി പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.