കണ്ണില്ലാത്ത ക്രൂരത! ആംബുലന്‍സിനു നല്കാന്‍ പണമില്ലെന്ന് പറഞ്ഞ് മൃതദേഹം ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി, തൃശൂരില്‍ നിന്നൊരു മനസാക്ഷി മരവിപ്പിക്കുന്ന വാര്‍ത്ത

AMBU 2മുളങ്കുന്നത്തുകാവ് (തൃശൂര്‍): കൈയില്‍ പണമില്ലാത്തതുമൂലം നാട്ടിലേക്കു കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ മൃതദേഹം ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി. തമിഴ്‌നാട് സ്വദേശി രംഗനാഥന്റെ(70) മൃതദേഹമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് രംഗനാഥന്‍ മരിച്ചത്.
കഴിഞ്ഞയാഴ്ചയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മകനും നേരത്തെ സഹായത്തിനു കൂടെയുണ്ടായിരുന്നു. പിന്നീട് മകന്‍ ജോലിക്കായി നാട്ടിലേക്കു മടങ്ങി. കൂലിപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന രംഗനാഥന്റെ കുടുംബത്തിനു വലിയൊരു തുക ആംബുലന്‍സിനു മുടക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശേഷിയില്ല. സഹായികളായി ചില ബന്ധുക്കളും സുഹൃത്തുക്കളും എത്തിയെങ്കിലും അവരും നിസഹായരായിരുന്നു.

പാലക്കാട് ജില്ലാ അതിര്‍ത്തിയായ വേലന്താവളത്താണ് രംഗനാഥന്‍ മുമ്പ് താമസിച്ചിരുന്നത്. ഹൃദ്രോഗം അടക്കമുള്ള രോഗം പിടിപ്പെട്ടതും ഇവിടെ വച്ചാണ്. രോഗം കലശലായതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. നാട്ടിലെത്തിക്കാനുള്ള സാമ്പത്തികശേഷിയില്ലെന്നും മൃതദേഹം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്നും പറഞ്ഞാണ് കൂടെയുണ്ടായിരുന്നവര്‍ സ്ഥലംവിട്ടത്. മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്കു മാറ്റി. മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ എസ്‌ഐ പി.പി. ജോയിയുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts