റെജി ജോസഫ്
കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതില്‍ സംശയം വേണ്ട. പച്ചക്കറിക്കടകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുന്ന പ്ലാന്‍സ്കീം കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. 2013ല്‍ ആരംഭിച്ച പദ്ധതി അനുസരിച്ച് പ്രതിമാസം 60 ഇനം പച്ചക്കറികളുടെ 100 സാമ്പിളുകള്‍ വീതം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയിലാണ് പരിശോധിക്കുന്നത്. 2014ല്‍ പഴവര്‍ഗങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവകൂടി പരിശോധനാവിധേയമാക്കി.
നിലവില്‍ സാമ്പിളുകളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കുകയും അതില്‍ 100 എണ്ണം ജൈവ ജില്ലയായി പ്രഖ്യാപിച്ചിട്ടുള്ള കാസര്ഗോട്ടുനിന്നുമാത്രം ശേഖരിക്കുകയും ചെയ്തുവരുന്നു. അടുത്തയിടെ നടത്തിയ
പരിശോധനയില്‍ 27 സാമ്പിളുകളില്‍ ആറെണ്ണത്തില്‍ മാത്രമേ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്കുതാഴെ വിഷാംശം ഉണ്ടായിരുന്നുള്ളൂ. പ്രൊഫെനോഫോസ്, സൈപെര്‍ മെത്രിന്‍ (കറിവേപ്പില, കോളിഫഌര്‍), ലാംഡ സൈഹാലോത്രിന്‍ (ബീന്‍സ്), ഡൈമെത്തോയേറ്റ് (പടവലം), എത്തയോണ്‍ (പച്ചമുളക്, പയര്‍), സൈപെര്‍മെത്രിന്‍ (മുരിങ്ങക്കായ), ക്യൂനാല്‍ഫോസ് (ചുവപ്പ് ചീര) എന്നീ കീടനാശിനികളാണ് സാമ്പിളുകളില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ജൈവ പച്ചക്കറി മാര്‍ക്കറ്റുകളില്‍നിന്ന് പരിശോധനയ്ക്കെടുത്ത 11 സാമ്പിളുകളില്‍ നാലെണ്ണത്തില്‍ അപകടസാധ്യതയുള്ള അളവില്‍ വിഷാംശം കണ്ടെത്തി. ആറു സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്ക് താഴെ വിഷാംശം ഉണ്ടായിരുന്നുള്ളൂ. ഇവയില്‍ ബൈഫെന്ത്രിന്, ക്ലോര്‍പൈറിഫോസ്, സൈപെര്‍മെത്രിന്‍, എത്തയോണ്‍, പ്രൊഫെനോഫോസ് (കറിവേപ്പില), ഫെന്‍വാലറേറ്റ് (കോവയ്ക്ക), ക്യൂനാല്‍ഫോസ് (പയര്‍), ബൈഫെന്ത്രിന് (പച്ചമുളക്) എന്നീ കീടനാശിനികള്‍ കണ്ടെത്തി.
പച്ചക്കറിയിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുള്ളതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അവരുടെ പഠനത്തില്‍ വഴുതനയിലാണ് ഇതേറ്റവും കൂടുതല്‍ കണ്ടത്. അനുവദിച്ചതിന്റെ 860 ശതമാനത്തിലേറെയായിരുന്നു വഴുതനയിലെ കീടനാശിനി സാന്നിധ്യം. കോളിഫ്ളവറിലും കാബേജിലും സമാനമായരീതിയില്‍ കീടനാശിനി വിഷമുണ്ട്.
ആപ്പിളിലും ഓറഞ്ചിലും നിരോധിത കീടനാശിനിയുടെ അളവ് അനുവദിക്കപ്പെട്ടതിലും 140 ശതമാനം കൂടുതലാണ്. പഴങ്ങള്‍ മെഴുക് പുരട്ടി ഭംഗിയാക്കുന്നത് അടുത്തകാലത്തുള്ള സമ്പ്രദായം. സാധാരണ കഴുകലില്‍ ആ രാസവസ്തുവിന്റെ സാന്നിധ്യം പോകുന്നില്ല. കോളിഫ്ളവര്‍, കാബേജ് തുടങ്ങിയവയില്‍ അഞ്ചുദിവസത്തിലൊരിക്കലാണ് കീടനാശിനി തളിക്കുന്നത്. വിളവെടുക്കാന്‍ അഞ്ചുമാസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്നടിക്കുന്നതത്രെ. തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും കീടനാശിനികളുടെ കോക്ക്ടെയ്ലുകളാണ് ഉപയോഗിക്കുന്നത്. അതിമാരകമായ രണ്ടോ മൂന്നോ കീടനാശിനികള്‍ കൂട്ടിക്കലര്‍ത്തിയുള്ള പ്രയോഗമാണ് പച്ചക്കറികളിലും പഴത്തോട്ടങ്ങളിലും നടത്തിവരുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീതമാണ് വിഷപ്രയോഗം.
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യ സംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം കുറഞ്ഞവയെ പച്ച എന്നിങ്ങനെ നിറങ്ങളില്പെടുത്തിയിരിക്കുന്നു. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായി രുന്നു ഈ തരം തിരിക്കല്‍.
കാടു കരിയിക്കാനും കീടനാശിനി
മുറ്റത്തും പറമ്പിലും കളകള്‍ കരിച്ചുകളയാനും കീടനാശിനി. പണിക്കൂലി കൂടുതലും പണിക്കാര്‍ക്കു ക്ഷാമവുമായതോടെ കളനശീകരണത്തിന് പരക്കെ പ്രയോഗിക്കുകയാണ് റൗണ്ടപ്പ്. 1970 ല്‍ മോണ്‍സാന്റോ കമ്പനിയാണ് റൗണ്ടപ്പ് കീടനാശിനി കളനാശിനി എന്ന പേരില്‍ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പേറ്റന്റ് ലഭിച്ചതിനു ശേഷം റൗണ്ടപ്പിന്റെ ആദ്യ പ്രയോഗം വിയറ്റ്നാം യുദ്ധകാലത്തായിരുന്നു. വിയറ്റ്നാം ഗറില്ലാ പോരാളികള്‍ കാട്ടില്‍ ഒളിച്ചിരിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നും അമേരിക്കന്‍ സേന റൗണ്ടപ്പ് തളിച്ചാണ് ശത്രുക്കളെ തുരത്തിയിരുന്നത്. റൗണ്ടപ്പ് തളിക്കുമ്പോള്‍ അടിക്കാടുകള്‍ കരിഞ്ഞ് പോരാളികള്‍ക്ക് ഒളിച്ചിരിക്കാന്‍ സാധിക്കാതാവും. ഈ സമയത്ത് അമേരിക്കന്‍ സേന കരയാക്രമണം നടത്തുകയായിരുന്നു പതിവ്.
വിയറ്റ്നാം യുദ്ധത്തിന് ശേഷം ആഫ്രിക്കയിലെ മൊസാംബിക്, കെനിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളില്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യാനായി റൗണ്ടപ്പ് ഉപയോഗിച്ചുതുടങ്ങി. എന്നാല്‍ ഇവിടങ്ങളിലെല്ലാം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയ റൗണ്ടപ്പ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നീടു നിരോധിക്കുകയായിരുന്നു.
റൗണ്ടപ്പ് തളിക്കുമ്പോള്‍ മിത്രസസ്യങ്ങളും ജൈവവൈവിധ്യവും മിത്ര കീടങ്ങളും നശിക്കും. തൊലിപ്പുറത്തെ കാന്‍സറിന് കാരണമാകുന്ന ജിനോടോക്സിക്ക് രാസപദാര്‍ഥങ്ങളും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന കാര്‍ബണിക സംയുക്തങ്ങളും റൗണ്ടപ്പിലുണെ്ടന്നാണ് പഠനങ്ങള്‍.
റൗണ്ടപ്പ് കാന്‍സറിനു കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് യുഎസ് എന്വയണ്മെന്റല് പ്രൊട്ടക്ഷന്‍ ഏജന്‍സി, യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നീ ഏജന്‍സികള്‍ റൗണ്ടപ്പിന്റെ ഉപയോഗം നിരോധിക്കുകയോ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഇവിടെ റൗണ്ടപ്പിന് നിരോധനമില്ല. അന്തര്‍ദേശീയ ഭക്ഷ്യകോണ്ഗ്രസില് ലോകാരോഗ്യ സംഘടന റൗണ്ടപ്പ് നിയന്ത്രിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. റൗണ്ട്അപ്പ് പ്രോ മാക്സ്, ഫാസ്റ്റ് ആക്ഷന്‍ റൗണ്ടപ്പ്, ലിക്വിഡ് കോണ്‍സന്‍ട്രേറ്റ് റൗണ്ടപ്പ്, എക്സ്റ്റന്‍ഡഡ് കണ്ട്രോള് റൗണ്ടപ്പ് തുടങ്ങിയ പേരുകളില്‍ കടകളില്‍ റൗണ്ടപ്പ് സുലഭം.
1970ല്‍ കളനാശിനിയായാണ് റൗണ്ടപ്പ് വിപണനം ആരംഭിച്ചത്. 115 രാജ്യങ്ങളിലേക്ക് അതിവേഗം വില്‍പ്പന വ്യാപിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ റൗണ്ടപ്പ് മൊണ്‍സാന്റോയുടെ ഏറ്റവും ലാഭകരമായ രാസഉല്പ്പന്നമായി മാറി. എലികള്‍ ഉപ്പു വിഴുങ്ങിയാലുണ്ടാകുന്നതിലും കുറച്ച് അപകടമേ മനുഷ്യര്‍ ഗ്ലൈഫോസേറ്റ് കുടിച്ചാല്‍ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു ഈ മാരക കളനാശിനിക്ക് മൊണ്‍സാന്റോ ആദ്യം നല്കിയ പരസ്യം. ജൈവികമായി വിഘടിക്കുന്ന ലോകത്തിലെ ആദ്യത്തെ കളനാശിനിയെന്നും റൗണ്ടപ്പിനെ മൊണ്‍സാന്റോ വിശേഷിപ്പിച്ചു. 1996ല്‍ മൊണ്‍സാന്റോയുടെ ഈ വ്യാജ പരസ്യത്തിനെതിരേ ന്യൂയോര്‍ക്കിലെ കണ്‍സ്യൂമര്‍ ഫ്രോഡ്സ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ബ്യൂറോയ്ക്ക് മുമ്പാകെ പരാതി ഫയല്‍ ചെയ്യപ്പെട്ടു. റൗണ്ടപ്പിന്റെ ഇല്ലാത്ത സുരക്ഷിതത്വത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പരസ്യമാണ് കമ്പനിയുടേ തെന്നായിരുന്നു അറ്റോര്‍ണിയുടെ കണ്ടെത്തല്‍.
ഇന്ന് മൊണ്‍സാന്റോയുടെ വരുമാനത്തിന്റെ പകുതിയിലേറെയും റൗണ്ടപ്പിന്റെയും റൗണ്ടപ്പ് റെഡി വിത്തിന്റെയും വില്‍പ്പനയില്‍ നിന്നാണ്. അമേരിക്കയിലുള്ള സോയാബീന്‍ കൃഷിയുടെ 94 ശതമാനവും മക്കച്ചോളത്തിന്റെ 89 ശതമാനവും റൗണ്ടപ്പ് റെഡി വിത്തുകളാണ്. ജനിതകമായി പരിവര്‍ത്തനം ചെയ്ത റൗണ്ടപ്പ് റെഡി വിത്തുകളുടെ കൃഷി അമേരിക്കന്‍ ഐക്യനാടുകളിലും ലാറ്റിന്‍ അമേരിക്കയിലും വ്യാപകമായതോടെ റൗണ്ടപ്പ് റെഡി വിത്തുകള്‍ വിപണിയിലെത്തിയ 1996ന് ശേഷം റൗണ്ടപ്പ് കളനാശിനിയുടെ വില്‍പ്പന 1000 ശതമാനം വര്‍ധിച്ചു.
ഇന്ത്യയില്‍ 201314 ല്‍ 208.89 കോടി രൂപയായിരുന്നു ഈ കീടനാശിനിയില്‍ നിന്നുള്ള വിറ്റുവരവ്. സുരക്ഷിത കളനാശിനി എന്ന പേരില്‍ ഓരോ വര്‍ഷവും ഈ കളനാശിനിയുടെ വില്‍പ്പന ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണ്. 20-12-13ല്‍ 139.03 കോടിക്കായിരുന്നു ഇന്ത്യയില്‍ റൗണ്ടപ്പിന്റെ വില്പന. കുറഞ്ഞ അളവിലാണെങ്കില്‍ പോലും കീടനാശിനികളുടെ അംശം ദീര്‍ഘനാള്‍ ഉള്ളിലെത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. മുതിര്‍ന്നയാളുടെ ശരീരത്തില്‍ കീടനാശിനി സൃഷ്ടിക്കുന്നതിലധികമാണ് കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍.
കുട്ടികളില്‍ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവില്‍ കീടനാശിനികള്‍ ഉള്ളിലെത്തുന്നു. 1 പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളില്‍ സൃഷ്ടിക്കുന്നതിലും അപകടകരമായിരിക്കും 10 കിലോ തൂക്കമുള്ളയാളില് സൃഷ്ടിക്കുന്നത്. വളരുന്ന പ്രായത്തില്‍ ഉണ്ടാകുന്ന കീടനാശിനി കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങള്‍ മറുപിള്ളയിലൂടെ കുഞ്ഞിലേക്കു നീക്കപ്പെടുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളില്‍ മുതിര്‍ന്നവരിലെ പോലെ വിഷങ്ങള്‍ വിഘടിച്ചു നിര്‍വീര്യമാകാനും സാധ്യത കുറവാണ്. കീടനാശിനി പ്രയോഗമുള്ളിടങ്ങളുമായി സമ്പര്‍ക്കമുണ്ടായ ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത കൂടുതലാണ്. കാസര്‍ഗോട്ട് സംഭവിച്ചതും ഇത്തരത്തിലുള്ള ദുരന്തമാണ്.
കേരളത്തില്‍ നിരോധിച്ച കീടനാശിനികള്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി എത്തിച്ചുള്ള വില്‍പ്പന വ്യാപകമാണ്. ട്രൈസോ ഫോസ്, പ്രഫന്ന ഫോസ്, മോണോക്രോട്ടോഫോസ്, ഫ്യൂരഡാന്‍, ഫോറേറ്റ് തുടങ്ങിയ നിരോധിത കീടനാശിനികളാണ് കേരളത്തില്‍ സുലഭമായി വിറ്റഴിക്കുന്നത്.
കവറിലും പേരിലും മാറ്റംവരുത്തി മരുന്നുകള്‍ വിപണിയില്‍ എത്തുന്നതിനാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല.
ജനിതക വൈകല്യങ്ങള്‍ക്ക് കാരണമായ എന്‍ഡോസള്‍ഫാന്‍, എമിസാന്‍, ക്ലോറോഫോരിസ്, എത്തിഫാന്‍, കാര്ബോഫ്യൂറിഡാന്, റൗണ്ടപ്പ്, ഗ്ലൈസില്‍ തുടങ്ങിയ മാരകവിഷാംശം അടങ്ങിയ മരുന്നുകളാണ് കേരളത്തില്‍ വ്യാപകമായി പ്രയോഗിക്കുന്നത്.
(തുടരും)