നടനും എംപിയുമായ സുരേഷ് ഗോപി നികുതി വെട്ടിച്ചോ? സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത് ഈ വിഷയത്തെ അധികരിച്ചാണ്. ബിജെപി എംപിയുടെ പുതിയ ഓഡി കാറാണ് എല്ലാ ചര്‍ച്ചകള്‍ക്കും അടിസ്ഥാനം. കേരളത്തിനു പകരം പോണ്ടിച്ചേരിയിലാണ് കാര്‍ രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. ഇതാണ് സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടത്. കേന്ദ്രഭരണപ്രദേശമായതിനാല്‍ പോണ്ടിച്ചേരിയില്‍ കേരളത്തിലേക്കാള്‍ നികുതി കുറവാണ്. പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപയാണ് ഫഌറ്റ് ടാക്സ്. 75 ലക്ഷത്തോളം വിലയാണ് സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7ന്റെ ഏകദേശ വില. ഈ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന നികുതിയില്‍ നിന്നും ഒഴിവായി കിട്ടും.
ദീപക് ശങ്കരനാരായണന് എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. നിയപ്രകാരം വാഹനം ഒരു മാസത്തില്‍ കൂടുതല്‍ മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ പാടില്ല. ഒരു മാസത്തിനുള്ളില്‍ ആര്‍ടി ഓ ഓഫീസില്‍ അറിയിക്കണം, ആറുമാസത്തിനുള്ളിലോ മറ്റോ മാറിയ സംസ്ഥാനത്തിലേക്ക് മാറ്റണം. രജിസ്ട്രേഷന് മാറ്റണം. പഴയ സംസ്ഥാനത്തുനിന്നും ടാക്സ് പിന്നീട് റീഫണ്ട് കിട്ടും. പക്ഷേ മാറുന്നത് എവിടേക്കാണോ അവിടുത്തെ നികുതി പൂര്‍ണമായും നല്‍കണം. വിഷയത്തില്‍ യാതൊരു പ്രതികരണത്തിനും സുരേഷ് ഗോപി ഇതുവരെ തയാറായിട്ടില്ല. നോട്ട് വിവാദത്തില്‍ നിറംമങ്ങി നില്ക്കുന്ന ബിജെപിക്ക് സംസ്ഥാനത്ത് മറ്റൊരു തിരിച്ചടിയാകും വിഷയമെന്നതില്‍ സംശയമില്ല.
ദീപകിന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍- കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്? അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താല്‍ അടുത്ത ആര് ടി ഓ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നെ ചില വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്തിനാണ്? ചില വാഹനങ്ങള്‍ എന്നല്ല ചില ആളുകള്‍ എന്നാണ് പറയേണ്ടത്. എന്നുവച്ചാല്‍ സംഗതി ചില തരത്തിലുള്ള വന്‍കിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കല്‍ ഇന്ത്യയില്‍ ഒരു കുറ്റമല്ല. മര്യാദയ്ക്ക് ബിസിനസ് ചെയ്യുന്ന അനേകം പേര് ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷന്‍ എന്ന് ഇംഗ്ലീഷിലും പറയും.
അതായത് പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ലാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും.
( എഡിറ്റ്: –ഓഡി ക്യൂ7ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പ്)
നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കര്‍ണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡില്‍ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങള്‍ക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇന്‍ക്ലൂസിവിറ്റിയുടെ നഷ്ടങ്ങള്‍ക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരില്‍ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.
എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങള്‍ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യര്‍ക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവര്‍ ചെയ്യാറുണ്ടുതാനും. ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവണ്‍ ചാനല്‍ കണ്ടപ്പോള്‍ ശ്രദ്ധിച്ചതാണ്.