ഹാരി ഹൗഡിനി, റോബര്‍ട്ട് ഹൗഡിന്‍, ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് വിഖ്യാതരായ മജീഷ്യന്മാരാണിവര്‍. അദ്ഭുതപ്രകടനത്തില്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്ന മറ്റൊരാളുണ്ടെങ്കില്‍ അയാളുടെ പേര് ഡൈനാമോ എന്നായിരിക്കണം. ബ്രിട്ടീഷുകാരനായ സ്റ്റീവന്‍ ഫ്രെയ്ന്‍ എങ്ങനെ ഡൈനാമോ ആയെന്നത് ഒരു മാജിക് പോലെയാണ്.
അസാധ്യം എന്നത് തന്റെ നിഗണ്ടുവിലില്ലെന്നു നെപ്പോളിയന്‍ ചക്രവര്‍ത്തി പണ്ടു പറഞ്ഞിട്ടുണ്ടെങ്കില്‍, തനിക്ക് അസാധ്യമായത് ഒന്നുമില്ലെന്ന് മാജിക്കിലൂടെ തെളിയിക്കുകയാണ് ഈ ബ്രിട്ടീഷുകാരന്‍. ഇംഗ്ലീഷുകാരിയായ മാതാവിന്റെയും പത്താന്‍ വംശജനായ പിതാവിന്റെയും മകനായി 1982ല്‍ ബ്രാഡ്‌ഫോര്‍ഡിലായിരുന്നു സ്റ്റീവന്‍ ഫ്രെയ്‌ന്റെ ജനനം. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ക്രോണ്‍ ഡിസീസ് എന്ന ശാരീരികാവസ്ഥ സ്റ്റീവന്റെ കുട്ടിക്കാലം വേദനയുടേതാക്കി. കുട്ടിക്കാലത്ത് മുത്തച്ഛനില്‍ നിന്നാണ് സ്റ്റീവന്‍ മാജിക്കിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്.
ചാനല്‍ ഫോറിലെ റിച്ചാര്‍ഡ് ആന്‍ഡ് ജൂഡി ഷോയിലൂടെയായിരുന്നു സ്റ്റീവന്റെ അരങ്ങേറ്റം. അന്ന് അവതരിപ്പിച്ച പരിപാടിയുടെ പേര് ഡൈനാമോസ് എസ്‌റ്റേറ്റ് ഓഫ് മൈന്‍ഡ് എന്നായിരുന്നു. ഇതോടെ ഡൈനാമോ എന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് മാജിക്കിന്റെ ഡിവിഡികള്‍ പുറത്തിറക്കാന്‍ തുടങ്ങി. പിന്നീട് കൈനിറയെ ഷോകളായിരുന്നു. ഫ്രൈഡേ നൈറ്റ് വിത്ത് ജോനാഥന്‍ റോസ്, ഫാദര്‍ഹുഡ് തുടങ്ങിയ ഷോകള്‍ വമ്പന്‍ഹിറ്റുകളായി.
പ്രശസ്തനായതോടെ പരസ്യങ്ങളും ഡൈനാമോയെ തേടിവരാന്‍ തുടങ്ങി. അഡിഡാസ്, നോക്കിയ, പെപ്‌സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യത്തില്‍ ഈ യുവ മജീഷ്യന്‍ സ്ഥാനം പിടിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഫാഷന്‍ റാമ്പിലും ഡൈനാമോ പ്രത്യക്ഷപ്പെട്ടു.
2009ല്‍ ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ വച്ച് ഡൈനാമോ നടത്തിയ പ്രകടനം ബ്രിട്ടനെ അമ്പരപ്പിച്ചു. ബ്രിട്ടീഷ് കോമഡി നടനായ മാറ്റ് ലൂക്കാസിനെ തറയില്‍ നിന്നും നാലടി ഉയര്‍ത്തിയത് കണ്ട് കയ്യടിച്ചത് ആയിരങ്ങളാണ്. 2010 മാര്‍ച്ചില്‍ ബിബിസി-വണ്‍ ചാനലില്‍ അവതരിപ്പിച്ച പരിപാടിയും ലോകശ്രദ്ധ പിടിച്ചുപറ്റി. കായികമേഖലയിലേക്കുള്ള ധനസമാഹരണാര്‍ഥം ലോട്ടറി ടിക്കറ്റുകള്‍ പണമാക്കി മാറ്റിയായിരുന്നു ഡൈനാമോ അന്ന് വിസ്മയം സൃഷ്ടിച്ചത്.
ബിബിസി-വണിനു വേണ്ടി 2011 മാര്‍ച്ച് 18ന് കാഴ്ചവച്ച മാജിക് ആളുകള്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ലണ്ടന്റെ ജീവരേഖയായ തെംസ് നദിയ്ക്കു കുറുകെ ജലോപരിതലത്തിലൂടെ നടന്നുനീങ്ങിയ ഡൈനാമോയുടെ പ്രകടനം കാണികളുടെ ശ്വാസം നിലപ്പിച്ചു. അവിശ്വസനീയം എന്നേ ഈ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ തരമുള്ളൂ എന്നു കാണികള്‍ പറയുന്നു. പിന്നീട് ഇത്തരം പ്രകടനങ്ങള്‍ ” ഡൈനാമോ: മജീഷ്യന്‍ ഇംപോസിബിള്‍” എന്ന പേരില്‍ പരമ്പരകളായതോടെ ഡൈനാമോ ആഗോള പ്രശസ്തനായി. ഇഎസ്പിഎന്‍ ചാനലിനു വേണ്ടി അക്കാലത്ത് കാര്‍ഡ് ട്രിക്കുകളും അവതരിപ്പിച്ചിരുന്നു.
ഇതിനിടയില്‍ താന്‍ വിഖ്യാതമായ ” ദി മാജിക് സര്‍ക്കിള്‍” എന്ന മജീഷ്യന്‍സ് സൊസൈറ്റിയില്‍ അംഗമായതായി ഡൈനാമോ വെളിപ്പെടുത്തി. ഡൈനാമോ: മജീഷ്യന്‍ ഇംപോസിബിള്‍ എന്ന പരിപാടിയുടെ വിവിധ ഭാഗങ്ങള്‍ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. പല പ്രധാനപ്പെട്ട ബഹുമതികളും ഇക്കാലയളവില്‍ ഡൈനാമോയെ തേടിയെത്തി. അതില്‍ ഏറ്റവും പ്രധാനം 2011ല്‍ ദി മാജിക് സര്‍ക്കിളില്‍ അംഗമായതായിരുന്നു. ഡൈനാമോ: മജീഷ്യന്‍ ഇംപോസിബിള്‍ എന്ന പ്രോഗ്രാം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലോകത്തെ മികച്ച എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമായി തിരഞ്ഞെടുക്കപ്പെട്ടു. മാജിക്കല്‍ അക്കാദമിയുടെ മജീഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ഡൈനാമോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ലണ്ടനിലെ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ പറന്നു പൊങ്ങിയ ഡൈനാമോ വെല്ലുവിളിച്ചത് ശാസ്ത്ര നിയമങ്ങളെയാണ്. വെറുമൊരു സ്പര്‍ശനം കൊണ്ട് ഒരു കുളത്തിലെ വെള്ളം മുഴുവന്‍ ഐസാക്കുന്ന വിദ്യയും അവിശ്വസനീയം തന്നെയാണ്. വെറും 33 വയസിനിടെ ഒരു മനുഷ്യായുസ്സില്‍ കാണിക്കാന്‍ പറ്റാത്ത അദ്ഭുതങ്ങള്‍ കാണിച്ച ഡൈനാമോയുടെ ആത്മകഥയുടെ പേര് ” നത്തിംഗ് ഈസ് ഇംപോസിബിള്‍” എന്നാണ്. 2013ല്‍ പുറത്തിറക്കിയ ആത്മകഥയ്ക്ക് ഇതിലും നല്ലൊരു പേര് കണ്ടു പിടിക്കുക അസാദ്ധ്യം. ആളുകളെ വിസ്മയിപ്പിച്ച് ഡൈനാമോതന്റെ ജൈത്രയാത്ര തുടരുകയാണ്…