ലാസിസ് ഇപ്പോള്‍ സന്തുഷ്ടനാണ് ! ഒരു അഭയാര്‍ഥിക്കടുവയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ

TIGERലാസിസ് ഇപ്പോള്‍ സന്തുഷ്ടനാണ്. ഗാസായിലെ ദുരിതജീവിതത്തില്‍നിന്ന് അവന്‍ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ശരീരത്തിന്റെ ക്ഷീണം മാറിയിരിക്കുന്നു. പലസ്തീനിലെ കലാപഭൂമിയായ ഗാസയില്‍നിന്നുള്ള മോചനം എല്ലാ അര്‍ഥത്തിലും ലാസിസ് ആസ്വദിക്കുന്നുണ്ട്. അവന്റെ ചലനങ്ങളില്‍ അതു വളരെ വ്യക്തമാണ്. ജൊഹാനസ്ബര്‍ഗില്‍നിന്ന് 250 മൈല്‍ അകലെയുള്ള ലയണ്‍സ് റോക്ക് ബിഗ് ക്യാറ്റ് സാംഗ്ച്വറിയാണ് ലാസിസിന്റെ അഭയകേന്ദ്രം. ഗാസയിലെ ഏതൊരു അഭയാര്‍ഥിയെയുംപോലെ ലാസിസിനുമുണ്ട് അനേകം കഥകള്‍. സഹനത്തിന്റെ, കഷ്ടതയുടെ, പട്ടിണിയുടെ…

എന്നാല്‍, ഇന്നു കഥ മാറിയിരിക്കുന്നു. അരക്ഷിതാവസ്ഥയുടെ നാളുകള്‍ അവസാനിച്ചിരിക്കുന്നു. മുമ്പ് താമസിച്ചിരുന്ന കൂടിനേക്കാള്‍ പത്തു മടങ്ങ് വലുപ്പമുള്ള കൂട്ടിലാണ് ലാസിസ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. നിവര്‍ന്നു നില്‍ക്കാന്‍പോലും കഴിയുമായിരുന്നില്ല ലാസിസിനു ഗാസയിലെ കൂട്ടില്‍. ഭക്ഷണമോ,  വല്ലപ്പോഴും കുട്ടികള്‍ എറിഞ്ഞുകൊടുത്ത ചീഞ്ഞ പഴങ്ങളും കോഴിയുടെ അവശിഷ്ടങ്ങളും മാത്രം. ദുരിതങ്ങളുടെ ഇരവുപകലുകള്‍. ഈ യാതനകള്‍ എല്ലാം അതിജീവിച്ച ലാസിസ് ഒരു പോരാളിയാണ്. അതിജീവനത്തിന്റെ പ്രതീകം. ഇസ്രയേല്‍ ഗാസയിലേക്കു തൊടുത്ത ഷെല്ലുകള്‍ ദുരിതം വിധിച്ചത് മനുഷ്യര്‍ക്കു മാത്രമായിരുന്നില്ല. പലസ്തീന്‍ ജനതയ്‌ക്കൊപ്പം എല്ലാ ജീവജാലങ്ങളും യുദ്ധം വരുത്തിവച്ച ക്ലേശങ്ങള്‍ക്കിരയായി.

ഖാന്‍ യൂണിസ് മൃഗശാലയിലെ ഇരുണ്ട കൂട്ടില്‍ മരണത്തെ മുഖാമുഖം കണ്ടു ലാസിസ് കഴിഞ്ഞു. ഒപ്പം ഉണ്ടായിരുന്നവര്‍ വാടിത്തളര്‍ന്ന ഇലപോലെ കൊഴിഞ്ഞുവീണത് അവന്‍ അറിഞ്ഞിരുന്നോ? അറിയില്ല. എന്നാല്‍, ഏതു നേരവും മരണം തന്നെ തേടിവരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരിക്കാം. ഒരുപക്ഷേ മരണത്തെ അവന്‍ ശപിച്ചിട്ടുണ്ടാവാം, നരകയാതനയില്‍നിന്നു മോചനം നല്കാത്തതില്‍!

ഗാസാ മുനമ്പിലെ മൃഗങ്ങളെ പുനരധിവസിപ്പിച്ചിരുന്ന ഫോര്‍ പോസ് എന്ന രാജ്യാന്തര സംഘടന ഒടുവില്‍ ലാസിസിനെ കണ്ടെത്തുമ്പോള്‍ അവന്‍ വളരെ ക്ഷീണിതനായിരുന്നു. ജൊഹാനസ്ബര്‍ഗിലെ ലയണ്‍സ് ബിഗ് ക്യാറ്റ് മൃഗശാലയിലെ ജീവനക്കാരുടെ പരിചരണമാണ് ലാസിസിനു പുതുജീവിതം നല്‍കിയത്. ഇന്ന് ലാസിസ് ഉത്സാഹിയാണ്. ശരീരത്തിനു ബലം വച്ചിരിക്കുന്നു. ഗര്‍ജനത്തില്‍ ശൗര്യം വന്നിരിക്കുന്നു. ചുവടുവപ്പിലെ ചടുലതയും അവന്‍ വീണ്ടെടുത്തിരിക്കുന്നു. അതേ, ലാസിസ് ആ പഴയ കടുവയായി മാറിയിരിക്കുന്നു…

Related posts