എല്ലാ മൃഗങ്ങള്‍ക്കും അവരവരുടേതായ ജീവിതരീതികളുണ്ട്. ചിലത് കരയില്‍ മാത്രം ജീവിക്കുന്നു. ചിലത് വെള്ളത്തില്‍ മാത്രം. മറ്റ് ചിലതിന് കരയിലും വെള്ളത്തിലും ജീവിക്കുന്നവ. എന്നാല്‍ തനിക്ക് കരയില്‍ മാത്രമെ ജീവിക്കാന്‍ സാധിക്കു എന്ന വസ്തുത ബെന്‍ എന്ന ഈ നായ പലപ്പോഴും മറക്കുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ബെന്‍. ഭൂരിഭാഗം സമയവും വെള്ളത്തിലാണ് കക്ഷി.
എപ്പോഴും തന്റെ കൂട്ടുകാരന്റെ കൂടെ ആയിരിക്കാനാണ് ഇവന് ഈ സാഹസത്തിനു മുതിരുന്നത്. കാരണം ഈ നായുടെ കൂട്ടുകാരന് ഡുഗി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു ഡോള്‍ഫിനാണ്. രണ്ടുപേരും കൂടി വെള്ളത്തില്‍ കളിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മണിക്കൂറുകളാണ് ഇവര്‍ ഇത്തരത്തില്‍ വെള്ളത്തില്‍ ചെലവഴിക്കുന്നത്. വെള്ളത്തില്‍ ഊളിയിട്ട് കുമിളകള്‍ വരുത്തി ബെന്നിനെ പറ്റിക്കുന്നത് ഡൂഗിയുടെ ശീലമാണ്. ബെന്നിന്റെ പരിമിതികള്‍ അറിഞ്ഞ് സഹായിക്കാനും ഡൂഗി ശ്രമിക്കാറുണ്ട്. നീന്തി അവശനാകുന്ന ബെന്നിനെ കരയ്ക്കെത്തിക്കുന്നതും ഡൂഗിയാണ്.
മറ്റ് കൂട്ടുകാരുണ്ടെങ്കിലും ബെന്‍ എപ്പോഴും ഡൂഗിയുടെ അടുത്തേക്ക് പോകാനാണ് താത്പ്പര്യം കാണിക്കുന്നതെന്ന് ബെന്നിന്റെ ഉടമസ്ഥന് പറയുന്നു. എന്തായാലും അപൂര്‍വ്വ കൂട്ടുകെട്ട് എന്നേ ഇവരുടെ ഈ സൗഹൃദത്തെ വിശേഷിപ്പിക്കാനാവൂ. നാഷണല്‍ ജിയോഗ്രഫിക് ചാനലാണ് ഈ സവിശേഷ കൂട്ടുകെട്ടിന്റെ വീഡിയോ പുറത്തുവിട്ടത്.