വെബ്‌ഡെസ്ക്
രാജ്യം മാത്രമല്ല വിദേശ മാധ്യമങ്ങളും വലിയ ആകാംക്ഷയിലായിരുന്നു. നോട്ട് അസാധുവാക്കിയതിനുശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നറിയാന്‍. ഫലത്തെ ഇങ്ങനെ വിലയിരുത്താം- നോട്ട് നിരോധനം വോട്ടര്‍മാരില്‍ ചലനം സൃഷ്ടിച്ചില്ല, ബിജെപിക്ക് ആശ്വസിക്കാം, ബംഗാളിന്റെ മനസ് തങ്ങള്‍ക്കൊപ്പമെന്ന് മമതയും കൂട്ടരും വീണ്ടും തെളിയിച്ചു, ത്രിപുരയുടെ ചുവപ്പിന് മങ്ങലേറ്റിട്ടില്ല, ആകെ മൊത്തം ക്ഷീണം കോണ്‍ഗ്രസിനു മാത്രമാണ് താനും.
നോട്ടു നിരോധനം ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിച്ചു എന്നുള്ളതിനുള്ള ഉത്തരം കൂടി ഈ ഫലങ്ങളിലുണ്ട്. അസം, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ത്രിപുര, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 10 അസംബ്ലി മണ്ഡലങ്ങളിലേക്കും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. നോട്ടു നിരോധനം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന സമയമായതിനാല്‍ കേന്ദ്രഭരണത്തിലുള്ള ബിജെപിക്ക് തിരഞ്ഞെടുപ്പ് നഷ്ടം സമ്മാനിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കരുതിവച്ചത് മറ്റൊന്നായിരുന്നു എന്നു വേണം പറയാന്‍.
സ്വന്തം സീറ്റുകള്‍ എല്ലാം നിലനിര്‍ത്താനും പലതിലും ലീഡ് വര്‍ധിപ്പിക്കാനും ബിജെപി കഴിഞ്ഞു. മധ്യപ്രദേശിലെ നാപ്പാനഗറിലെ അസംബ്ലി സീറ്റും ഷാഹ്‌ദോളിലെ ലോക്‌സഭാ സീറ്റും ബിജെപി നിലനിര്‍ത്തി. അസമില്‍ ശര്‍ബാനന്ദ് സോനാവാള്‍ മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് ഒഴിവുവന്ന ലക്കിംപുര്‍ ലോക്‌സഭാ സീറ്റില്‍ വന്‍ മാര്‍ജിനിലാണ് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു കയറിയത്. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ അസംബ്ലി സീറ്റ് പിടിച്ചെടുക്കാനും ബിജെപിക്കായി. മുന്‍ മുഖ്യമന്ത്രി കലിഖോ പുള്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഒഴിവുവന്ന ഹായൂലിയാങ് സീറ്റില്‍ കലിഖോ പുളിന്റെ ഭാര്യ ദേശിംഗു പുളിനെ മത്സരിപ്പിച്ചാണ് ബിജെപി വിജയം പിടിച്ചെടുത്തത്. പശ്ചിമ ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കി. ത്രിപുരയില്‍ സിപിഎം രണ്ടു സീറ്റുകളും നേടിയപ്പോള്‍ നഷ്ടമേറെയും കോണ്‍ഗ്രസിനാണ്. രണ്ടു സീറ്റുകളിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോയെന്നതാണ് ത്രിപുരയിലെ ചിത്രം. സിപിഎമ്മിനു ബദലായി ബിജെപി വരുന്നതാണ് ഇവിടെ കണ്ടത്. പുതുച്ചേരിയിലെ നെല്ലിത്തോപ്പ് അസംബ്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണസ്വാമി വിജയിച്ചത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്നത്.
ഫലത്തില്‍ നോട്ടു നിരോധനം ഇന്ത്യന്‍ രാഷ്ട്രീയത്തെ കാര്യമായി ബാധിച്ചില്ലയെന്നു പറയാം. ജനങ്ങള്‍ നോട്ടു നിരോധനത്തോട് ഏറെക്കുറെ പൊരുത്തപ്പെട്ടു എന്നാണ് ഈ ഫലങ്ങള്‍ കാണിക്കുന്നത്. നോട്ടല്ല പ്രധാനമന്ത്രിയെയാണ് മാറ്റേണ്ടതെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞത്. മറ്റു പ്രധാന നേതാക്കളായ രാഹുല്‍ഗാന്ധിയും മമ്താ ബാനര്‍ജിയും പ്രധാനമന്ത്രിക്കെതിരേ ശക്തമായ ആരോപണമുയര്‍ത്തി മുന്നോട്ടു വന്നിരുന്നു. നോട്ട് നിരോധനത്തില്‍ വ്യാപക വിമര്‍ശനം നേരിടേണ്ടിവന്ന പ്രധാനമന്ത്രിക്കും ബിജെപിക്കും ഒരുപരിധിവരെ ആശ്വാസം നല്കുന്നതാണ് ജനവിധിയെന്ന് പറയാം.