നിങ്ങള്‍ സ്ഥിരമായി പെപ്സിയും കൊക്കക്കോളയും കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, പറയുന്നത് മറ്റാരുമല്ല കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. പെപ്സിയും കൊക്കകോളയും അടക്കം അഞ്ചു ശീതളപാനീയങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഭഗന് സിംഗ് ഖുല്സെ രാജ്യസഭയില്‍ അറിയിച്ചതാണ് ഞെട്ടിക്കുന്ന ഈ വസ്തുത. സ്പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവനപ്പ്, പെപ്സി, കൊക്കോ കോള എന്നീ അഞ്ച് പാനീയങ്ങളിലാണ് ലെഡ്, കാഡ്മിയം, ക്രോമിയം തുടങ്ങി വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഡ്രഗ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ശീതളപാനീയങ്ങളില്‍ വിഷാംശം ഉണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ ആരെയെങ്കിലും നിയോഗിച്ചോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കോല്‍ക്കത്തയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്ത്തിനെയാണ് ഇതേക്കുറിച്ച് വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. പാനീയങ്ങള്‍ എത്തിക്കുന്ന കുപ്പികളില്‍ നിന്നാണ് വിഷം അരിച്ചിറങ്ങുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും ഈ ശീതളപാനിയങ്ങള്‍ ഇടയാക്കും. വിഷരാസവസ്തുക്കള്‍ ഹോര്‍മോണ്‍ സംവിധാനത്തെയാകെ തകരാറിലാക്കുന്നു. സ്ത്രീകളുടെ പ്രത്യുല്പാദന സംവിധാനത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. വന്ധ്യതയ്ക്കും ഗര്‍ഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയ രോഗങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് ഭാരം കുറയല്‍, കുട്ടികള്‍ക്കു ജന്മവൈകല്യം എന്നിവയ്ക്കും ഇത് കാരണമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പാനീയങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നു വിവിധ കോണുകളില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.