മാര്‍ക്കറ്റ് ജംഗ്ഷനിലെ സ്റ്റാര്‍ മൊബൈല്‍സ് ഉടമയായ ചെറിയനോലിക്കല്‍ തൊമ്മച്ചനാണ് ഇപ്പോള്‍ മണിമലയിലെ താരം. കാരണം മണിമല എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുത്ത ആളാണ് തൊമ്മച്ചന്. അണ്ണാന് കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞതുപോലെയാണ് തൊമ്മച്ചന്റെ പ്രവര്‍ത്തികള്‍. സ്വന്തം കടയുടെ മുറ്റത്ത് പൂന്തോട്ടം നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. ഇതില്‍ ആര്‍ക്കും ഒന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സമീപത്തെ കടകളുടെ മുമ്പിലും പൂന്തോട്ടം ഒരുക്കാന്‍ തൊമ്മച്ചന് ഇറങ്ങിത്തിരിച്ചതോടെ ആളുകള്‍ പരിഹാസച്ചിരിയുമായി രംഗത്തെത്തി. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ഒരു പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങളും സ്വന്തം പണം ഉപയോഗിച്ച് നീക്കം ചെയ്ത് അവിടം മുഴുവന്‍ ഒരു മനോഹര ഉദ്യാനമാക്കി മാറ്റിയിരിക്കുകയാണ് തൊമ്മച്ചന്. ഇതോടെ പരിഹസിച്ചു ചിരിച്ചവരൊക്കെ ഇപ്പോള്‍ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് തൊമ്മച്ചനെ.
റോഡിനിരുവശവും സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിഞ്ഞിരുന്ന മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും ചേര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയായിരിന്നു. ജെസിബി ഉപയോഗിച്ചാണ് ഇതെല്ലാം ഇവിടെ നിന്ന് നീക്കം ചെയ്തത്. ഇതിനെല്ലാം ചെലവഴിച്ചതാകട്ടെ തൊമ്മച്ചന്റെ സ്വന്തം പണവും. ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റും മനോഹരമായ പൂന്തോട്ടമൊരുക്കി, പാലം മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന് വരെയുള്ള റോഡിന്റെ ഇരുവശത്തേയും കാടുകള്‍ നീക്കം ചെയ്ത് ചെടികള്‍ വച്ചുപിടിപ്പിച്ചു. കൂടാതെ ഇവയ്ക്കെല്ലാം രാവിലെയും വൈകിട്ടും വെള്ളമൊഴിക്കുന്നതും തൊമ്മച്ചന് തന്നെ.
മികച്ച ജൈവകര്‍ഷകനായ തൊമ്മച്ചനെത്തേടി നിരവധി അവാര്‍ഡുകളും എത്തിയിട്ടുണ്ട്. കലാകാരന് കൂടിയായ തൊമ്മച്ചന് ഫാന്‍സിഡ്രസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. പഞ്ചായത്തിലെ മികച്ച കര്‍ഷകനായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമല്ല. വ്യത്യസ്തനാം തൊമ്മച്ചനെ എല്ലാരും തിരിച്ചറിഞ്ഞെന്നു ചുരുക്കം.