നയിച്ച പൈസക്ക് അരി കിട്ടാത്ത ഞാനും കള്ളപ്പണക്കാരന്‍…നോട്ട് പ്രതിസന്ധിക്കെതിരെ പാളത്തൊപ്പിയും തോര്‍ത്തുമുടുത്തു ഒറ്റയാള്‍ സമരവുമായി ബാബു

ottayal-samaramമുക്കം: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കൂലിപ്പണിക്ക് പോയി കിട്ടിയ പണം കൊണ്ട് അരി വാങ്ങാന്‍ കഴിയാതെ നിരാശനായ തൊഴിലാളി ഉത്സവ സ്ഥലത്തും നഗരസഭയിലെ വിവിധ സ്ഥലങ്ങളിലും നടത്തിയ ഒറ്റയാള്‍ പ്രതിഷേധം വേറിട്ട കാഴ്ചയായി.

മുക്കം നഗരസഭയിലെ മണാശേരി സ്വദേശിയായ പി.പി. ബാബുവാണ് കഴിഞ്ഞ ദിവസം   മണാശേരി കുന്നത്ത് തൃക്കോവില്‍ വിഷ്ണു ക്ഷേത്രോത്സവ സ്ഥലത്തും മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്തും  ഒറ്റയാള്‍ സമരം നടത്തിയത്. തോര്‍ത്ത് മാത്രം ധരിച്ച് പാളത്തൊപ്പിയുമണിഞ്ഞ് ഒഴിഞ്ഞ കഞ്ഞിക്കലവും പിടിച്ച് പ്ലക്കാര്‍ഡുമേന്തിയായിരുന്നു ബാബുവിന്റെ പ്രതിഷേധം.

“നയിച്ച പൈസക്ക് അരി കിട്ടാത്ത ഞാനും സര്‍ക്കാറിന്റെ കണ്ണില്‍ കള്ളപ്പണക്കാരന്‍ “എന്ന പ്ലക്കാര്‍ഡും പിടിച്ച് ബാബു നടത്തിയ ഒറ്റയാള്‍ സമരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്സവത്തിന് എത്തിയ ജനങ്ങള്‍ക്ക് പുതിയൊരു സമരാനുഭവമായി. കൂലിപ്പണിക്ക് പോകുന്ന ബാബു ഓട്ടോറിക്ഷാ തൊഴിലാളി കൂടിയാണ്.

Related posts