ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടിയതിനു പിന്നാലെ ഗുരുതരമായ ആരോപണവുമായി യുഎസിലെ ചില തെരഞ്ഞെടുപ്പ് വിദഗ്ധര്‍ രംഗത്ത്. ട്രംപിന്റെ വിജയത്തിനു കാരണം റഷ്യന്‍ ഹാക്കര്‍മാരാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. മോസ്‌കോയിലെ നെറ്റ്‌വര്‍ക്ക് ഹാക്കര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലത്തില്‍ റഷ്യ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും യുഎസ് ആരോപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയും അധികാരികളുടേതും ഉള്‍പ്പെടെ 19,000 ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഹില്ലരി ക്ലിന്റണ്‍ കുറ്റപ്പെടുത്തി. കൂടാതെ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിംഗ് അട്ടിമറിച്ചെന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇത് റഷ്യയിലെ ഉന്നത അധികാരികള്‍ അറിഞ്ഞുകൊണ്ടാകാനേ വഴിയുള്ളു എന്നും ആരോപണമുന്നയിച്ചവര്‍ പറയുന്നു.
പുതിയ ആരോപണങ്ങള്‍ പുറത്തുവന്നതോടെ റഷ്യയും യുഎസും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് ആക്കം കൂടുകയും ചെയ്യും. അതേസമയം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ വക്താവ് ഈ ആരോപണം അസംബന്ധം എന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തി എന്നതിന് തെളിവ് നല്‍കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ദിവസേന ആക്രമിക്കപ്പെടാറുണ്ടെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണെന്നും റഷ്യ തിരിച്ചടിച്ചു.
സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യം ശക്തമായി ഉന്നയിക്കാന്‍ ഹില്ലരിക്ക് മേല്‍ സമ്മര്‍ദം ഉണ്ടെങ്കിലും ഇവര്‍ ഇതിന് തയാറല്ലെന്നാണ് അറിയുന്നത്. പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിച്ച പോളിംഗ് നടന്ന കൗണ്ടികളെ അപേക്ഷിച്ച് ഇലക്ട്രോണിക് പോളിംഗ് നടന്ന സ്ഥലങ്ങളില്‍ ട്രംപിന് വളരെയധികം മുന്‍തൂക്കം ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണങ്ങളിലാണ് യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടല്‍ കണ്ടെത്തിയതെന്നാണ് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ നടന്നുവെന്ന ആരോപണത്തില്‍ വിദഗ്ധാന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.