അവര്‍ പതുങ്ങിനിന്ന് എന്റെ തലയ്ക്കടിച്ചു, ഉദ്ഘാടനത്തിനുമുമ്പ് ഒഫീസ് മുറി തിരിച്ചെടുത്തു പിന്നില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍, പെമ്പിളൈ ഒരുമൈ നേതാവ് ലിസിക്ക് പറയാനുള്ളത്

lissyസംസ്ഥാനത്തെ ഇളക്കിമറിച്ച രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞ മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് ഒരുവയസ് പൂര്‍ത്തിയായിരിക്കുന്നു. അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരമുഖത്തെത്തി തോട്ടംമേഖലയിലെ പെണ്‍കൂട്ടായ്മയ്ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു. കൂലിവര്‍ധനവെന്ന ആവശ്യം അംഗീകരിച്ചതോടെ ലിസിയും സണ്ണിയും കൂട്ടുകാരികളും ചേര്‍ന്ന് പെമ്പിളൈ ഒരുമൈ എന്ന കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകള്‍ വാഴുന്ന മൂന്നാറിലെ രാഷ്ടീയത്തില്‍ പെമ്പിളൈ ഒരു ഒരു സ്ഥാനമുണ്ടാക്കുകയും ചെയ്തു. ഒറ്റയ്ക്കുള്ള പോരാട്ടം പലപ്പോഴും ദുഷ്കരമായതോടെ പെമ്പിളൈ ഒരുമൈ ആംആദ്മി പാര്‍ട്ടിയുമായി യോജിച്ചു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളും ആക്രമണങ്ങളും ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുകയാണ് ലിസി സണ്ണി.

ഞങ്ങളെ തുടക്കംമുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് എല്‍ഡിഎഫാണ്. അവര്‍ ഞങ്ങളെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. പെമ്പിളൈ ഒരുമൈയ്ക്കു രജിസ്‌ട്രേഷന്‍ കിട്ടിയതുതന്നെ ഞങ്ങളുടെ രഹസ്യ ആസൂത്രണം കൊണ്ടാണ്. അതുകൊണ്ട് രഹസ്യമായി കാര്യങ്ങള്‍ നീക്കി. അവസാനം രജിസ്‌ട്രേഷന്‍ ലഭിച്ചപ്പോള്‍ എതിരാളികള്‍ ഞെട്ടി. എന്നാല്‍ ഞങ്ങളെ ഒരു പരിപാടി നടത്താന്‍ പോലും അവര്‍ സഹായിച്ചില്ല. പ്രഖ്യാപനസമ്മേളനത്തിന് സ്റ്റേജിടാനും മറ്റും അനുവാദത്തിന് ഒത്തിരി അലയേണ്ടിവന്നു. പലരും ഞങ്ങള്‍ക്ക് സ്റ്റേജിട്ട് തരില്ലെന്ന് വാശിപിടിച്ചു. പാര്‍ട്ടിക്കാരുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. ഓഫീസിന്റെ കാര്യത്തിലും അതുതന്നെയായിരുന്നു. പറഞ്ഞുറപ്പിച്ച ഓഫീസ് മുറി കെട്ടിട ഉടമ ഉദ്ഘാടനത്തിന്റെ അവസാനദിവസം തരാനാകില്ലെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് വാശിയായി. ചുരുങ്ങിയ സമയത്തിനുള്ള ചെറിയൊരു ഓഫീസ് മുറി സംഘടിപ്പിച്ചു.

ഒളിയാക്രമണങ്ങള്‍ മാത്രമല്ല ശാരീരിക ആക്രമണങ്ങളും നേരിടേണ്ടിവന്നു. ഒരുദിവസം ഞാന്‍ വീട്ടുമുറ്റത്ത് നില്ക്കുമ്പോള്‍ അടുത്ത ലയത്തില്‍ താമസിക്കുന്ന സിപിഎമ്മുകാരന്‍ പിറകിലൂടെവന്ന് എന്റെ തലയ്ക്കടിച്ചുവീഴ്ത്തി. തലപൊട്ടി രക്തം വന്നു. ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണെന്നും വിട്ടുകൊടുക്കാനാകില്ലെന്നും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കറിയാം. അയാള്‍ക്കെതിരേ കേസുകൊടുത്തു. പതിനഞ്ചുദിവസം അയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇനിയും പോരാട്ടവീഥിയില്‍ തന്നെയാകും-ലിസി സണ്ണി നയം വ്യക്തമാക്കുന്നു.

Related posts