കലിഫോര്‍ണിയയെ പിഴുതെറിയുന്ന ഭൂചലനം ഉണ്ടാകുമോ? റിക്ടര്‍ സ്‌കെയില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം 35 ലക്ഷം വീടുകള്‍ നശിപ്പിക്കും. തകര്‍ന്ന കാലിഫോര്‍ണിയയുടെ പുനര്‍നിര്‍മാണത്തിന് രണ്ടു ലക്ഷം കോടി വേണ്ടിവരും. ലോസ് ആഞ്ചലസ് മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ ബേ വരെ നീണ്ടുകിടക്കുന്ന സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടായിരിക്കും ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം- അമേരിക്കന്‍ മാധ്യമമായ ലോസ് ആഞ്ചലസ് ടൈംസാണ് ഈ ഭയപ്പെടുത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ യുറേക്ക മുതല്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലുള്ള ഇംപീരിയല്‍ കൗണ്ടിവരെ 1300 കിലോമീറ്ററിലധികം പ്രദേശത്താണ് സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ട് വ്യാപിച്ചുകിടക്കുന്നത്. കോര്‍ ലോജിക് എന്ന കമ്പനിയാണ് പുതിയ ഭൂകമ്പ സിദ്ധാന്തത്തിനു പിന്നിലെന്ന് ഒന്നര വര്‍ഷം മുമ്പ് സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂകമ്പസാധ്യതാ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചായിരുന്നു ഇവരുടെ നിരീക്ഷണം. ഇത് സംഭവിക്കുമോയെന്ന് ഉറപ്പില്ലെങ്കിലും ഇതിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടില്‍ ചെറിയ ഭൂകമ്പങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഇത്തരം ഭൂകമ്പം ഉണ്ടാവുന്ന പ്രദേശങ്ങളെ ക്രീപിംഗ് ഭാഗങ്ങള്‍ എന്നാണു വിളിക്കുന്നത്. ക്രീപിംഗ് പ്രദേശത്ത് സാധാകരണ ഉണ്ടാവുന്ന ഭൂകമ്പങ്ങളുടെ തീവ്രത അഞ്ചോ അതില്‍ താഴെയോ ആണ്. എന്നാല്‍ ലോക്ക്ഡ് ഭാഗങ്ങള്‍ എന്നറിയപ്പെടുന്ന ഭാഗത്തുണ്ടായേക്കാവുന്ന ഭൂകമ്പങ്ങളെയാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്. ഈ ഭയപ്പാട് തുടങ്ങിയിട്ട് ദശാബ്ദങ്ങളോ ശതാബ്ദങ്ങളോ ആയി എന്നു പറയാം. ഈ ഭാഗങ്ങളില്‍ എന്നെങ്കിലും ഭൂകമ്പം ഉണ്ടാവുകയാണെങ്കില്‍ അതൊരു മഹാദുരന്തത്തിലാകും കലാശിക്കുകയെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. മധ്യ സാന്‍ ആന്‍ഡ്രിയാസിലെ ക്രീപിംഗ് ഭാഗങ്ങള്‍ ഫോള്‍ട്ടിന്റെ അതിരുപോലെ പ്രവര്‍ത്തിക്കുന്നു. ഇത് രണ്ടുഭാഗങ്ങളായി വേര്‍തിരിയുന്നുമുണ്ട്. ലോസ് ആഞ്ചലസിലും സാന്‍ഫ്രാന്‍സിസ്‌കോ ബേ ഭാഗങ്ങളിലും ഒരേ സമയത്ത് ആഞ്ഞടിക്കാന്‍ സാന്‍ആന്‍ഡ്രിയാസിലെ ഭൂകമ്പങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ ഈ ധാരണ തിരുത്തുന്നതായിരുന്നു.
സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടിന്റെ എല്ലാ വശങ്ങളില്‍ നിന്നുമായി ഒരു വന്‍ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും നമ്മള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കാരണം ഇത് നമ്മുടെ ജീവിതകാലത്ത് സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഒന്നരലക്ഷം വര്‍ഷത്തിലൊരിക്കലാണ് ഇത്തരം മഹാഭൂകമ്പങ്ങള്‍ ഉണ്ടാവാറുള്ളത് എന്നതുതന്നെ കാരണം. അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍ മോര്‍ഗന്‍ പേജാണ് ഈ ഉറപ്പുനല്‍കുന്നത്. തേഡ് യൂണിഫോം കാലിഫോര്‍ണിയ എര്‍ത്ത് ക്വേക്ക് റപ്ച്ചര്‍ അഥവാ യുസിഇആര്‍എഫ്3 എന്നാണ് സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂകമ്പ മോഡലിന്റെ പേര്. പക്ഷെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു ഭൂകമ്പം ഉണ്ടാകുന്നതിന്റെ സാധ്യതയേക്കുറിച്ചു സൂചിപ്പിച്ചിട്ടില്ല. 2011ല്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത ഒമ്പതായിരുന്നു. ഭൂകമ്പത്തിന് മുമ്പ് ജപ്പാന്‍ അവതരിപ്പിച്ച ഭൂകമ്പ മോഡലില്‍ ഈയൊരു ദുരന്തസാധ്യത സൂചിപ്പിച്ചിരുന്നില്ലെന്നും പേജ് പറയുന്നു.
ഭൂകമ്പമാപിനിയില്‍ തീവ്രത എട്ട് രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ വന്‍നിര്‍മിതികളെ തകര്‍ക്കും. 7.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍വരെ ലോസ് ആഞ്ചലസിനെ തകര്‍ക്കും. ഗവണ്‍മെന്റിന്റെ പഠനപ്രകാരം ഈ വന്‍ഭൂകമ്പം 2000 ആളുകളുടെ ജീവനെടുക്കുകയും 50000പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും 140000 കോടിരൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യും. എന്നാല്‍ സാന്‍ഫ്രാന്‍സ്‌കോ ബേയില്‍ തീവ്രത ഏഴുള്ള ഭൂകമ്പം ഉണ്ടായാല്‍ പോലും അത് വ്യാപകദുരന്തം സൃഷ്ടിക്കും. ജനസാന്ദ്രമായ ബെര്‍ക്കെലി, ഓക്‌ലന്‍ഡ്, ഹേവാര്‍ഡ്, ഫ്രീമോണ്ട് എന്നിവിടങ്ങളിലെ ജനങ്ങളായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക. 1680ലാണ് സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ടില്‍ നിന്നും ഇതിനു മുമ്പ് വന്‍ഭൂകമ്പം ഉണ്ടായത്. ഓരോ 150-200 വര്‍ഷങ്ങളിലും വന്‍ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗമാണിത്. എന്തായാലും ഈ പുതിയ കണ്ടെത്തല്‍ അമേരിക്കന്‍ ജനതയെ ഞെട്ടിച്ചിരിക്കുകയാണ്.