പൂച്ചകളെ പൂട്ടിയിട്ടു പീഡിപ്പിച്ച ഓസ്‌ട്രേലിയന്‍ വനിത കുറ്റക്കാരിയെന്ന് കോടതി; മൃഗങ്ങളെ വാങ്ങുന്നതില്‍ നിന്നു വിലക്ക്

cat65014 പൂച്ചകളെ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ 43കാരിയായ ഓസ്‌ട്രേലിയന്‍ വനിത കുറ്റക്കാരിയെന്ന് കോടതി വിധി. 2015 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഓസ്‌ട്രേലിയന്‍ വനിതയുടെ അഡ്‌ലെയ്ഡിലെ വസതി റെയ്ഡ് ചെയ്ത മൃഗസംരക്ഷണ സംഘടനാപ്രവര്‍ത്തകര്‍ അവിടെ നിന്ന് 13 പൂച്ചകളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഒരേയൊരു പൂച്ചമാത്രമായിരുന്നു ജീവനോടെ അവശേഷിച്ചത്. അതാകട്ടെ വളരെ അവശനിലയിലുമായിരുന്നു.

ദി റോയല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്( ആര്‍എസ്പിസിഎ) എന്ന സംഘടനയാണ് ഇവരുടെ വീട് റെയ്ഡ് ചെയ്തത്. തങ്ങള്‍ കാണുമ്പോള്‍ 13 പൂച്ചകളുടെ ശവശരീരങ്ങള്‍ വീടിനകത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്ന് അന്ന് റെയ്ഡിനു നേതൃത്വം കൊടുത്ത ചീഫ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡ്രിയ ലൂയീസ് പറയുന്നു.തങ്ങള്‍ക്കിത് ഹൃദയഭേദകമായ ഒരു കേസാണെന്ന് ആന്‍ഡ്രിയാ ലൂയിസ് പറയുന്നു. തങ്ങളുടെ സംഘടന വളരെ സന്തോഷകരമായ പ്രവൃത്തികളില്‍ പലതിലും പങ്കാളികളായിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ആദ്യമായാണെന്നും ആന്‍ഡ്രിയ പറയുന്നു.

കോടതിയില്‍ ഹാജരാകാഞ്ഞതിനെത്തുടര്‍ന്ന് ഈ വനിതയെ രണ്ടാഴ്ച പോലീസ് കസ്റ്റഡില്‍ വച്ചിരുന്നു. മാത്രമല്ല ഇവര്‍ക്ക് മാനസകാസ്വാസ്ഥ്യം ഉള്ളതും പരിഗണിച്ച കോടതി ഇവരെ 12 മാസത്തെ നല്ലനടപ്പിനു ശിക്ഷിച്ചു. കൂടാതെ മൃഗങ്ങളെ വാങ്ങുന്നതില്‍ നിന്നു വിലക്കിയിട്ടുമുണ്ട്. അന്ന് ഇവരുടെ ക്രൂരതയെ അതിജീവിച്ച ഏക പൂച്ചയായ ട്രൂപ്പര്‍ ഇന്ന് പുതിയ വീട്ടില്‍ സന്തോഷമായി കഴിയുകയാണ്.

Related posts