കോട്ടയം: ആനവണ്ടി പ്രേമികളുടെ നേതൃത്വത്തില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി ബ്ലോഗിനെതിരേ കര്‍ണാടക ആര്‍ടിസി. നിയമവിരുദ്ധമായി കെഎസ്ആര്‍ടിസിയുടെ ഡൊമെയ്ന്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ബ്ലോഗ് ഉടമ സുജിത് ഭക്തന് കര്‍ണാടക ആര്‍ടിസി നോട്ടീസ് അയച്ചു. അഞ്ചു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നുവെന്നും കര്‍ണാടക ആര്‍ടിസി നോട്ടീസില്‍ ആരോപിച്ചു.
നോട്ടീസ് ലഭിച്ച കാര്യം സുജിത് ഭക്തന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ബ്ലോഗിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. നോട്ടീസിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സുജിത് ഭക്തന് അറിയിച്ചു.
നേരത്തെ, ബ്ലോഗ് പൂട്ടണമെന്ന് കേരള ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രശ്നം പിന്നീട് പരിഹരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി എന്ന പേര് 2013ല്‍ കര്‍ണാടക രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ ബ്രാന്‍ഡ് നാമത്തിന്റെ പേരില്‍ കേരളവും കര്‍ണാടകയും തമ്മില്‍ തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലോഗ് വിഷയം കര്‍ണാടക ആര്‍ടിസി ഉയര്‍ത്തുന്നത്. 2008ലാണ് ആനവണ്ടി ബ്ലോഗ് ആരംഭിച്ചത്. കേരള ആര്‍ടിസി സര്‍വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ബസുകളുടെ സമയവിവരങ്ങളും ബ്ലോഗില്‍ നിന്നു ലഭ്യമാണ്.