കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ അഭിമാന പദ്ധതിയായ പിങ്ക് പട്രോളിംഗിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങിപ്പോയ സംഭവത്തെക്കുറിച്ചു പോലീസിന്റെ ഉന്നതതലങ്ങളില്‍ ചര്‍ച്ച സജീവം. ചടങ്ങിന്റെ സംഘാടനത്തില്‍ പിഴവ് സംഭവിച്ചുവോയെന്ന തരത്തിലെ ചര്‍ച്ചകളാണ് ഉന്നതപോലീസ് വൃത്തങ്ങളില്‍ സജീവമായിട്ടുള്ളത്.
മുഖ്യമന്ത്രി സംബന്ധിച്ച ചടങ്ങ് കൃത്യമായി സംഘടിപ്പക്കാനാവാതെ പോയത് എന്തുകൊണ്ടെന്ന തരത്തിലെ പരിശോധനകളും നടക്കുന്നുണ്ട്. സംഘാടന പിഴവുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളുമോയെന്ന കാര്യത്തില്‍ ഉന്നത പോലീസ് അധികൃതര്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ല.
ഇന്നലെ രാവിലെ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലാണു പിങ്ക് പട്രോളിംഗിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. അവതാരകയുടെ ഔചിത്യമില്ലായ്മയും എഡിജിപി ചടങ്ങിനു വൈകിയെത്തിയതുമടക്കമുള്ള കാര്യങ്ങളാണു മുന്‍ നിശ്ചയിച്ച ഫ്ളാഗ് ഓഫ് ചെയ്യാതെ നേരത്തെ മടങ്ങാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണു പുറത്തുവരുന്ന വിവരം. അതേ സമയം, ഇതു മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച സംഭവമാണെന്ന തരത്തില്‍ ചിന്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.
സംഘാടനത്തിന്റെ സമയ ക്രമീകരണത്തില്‍ പിഴവുണ്ടായെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും നടപടികളുണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണു വിശദീകരണം.
സിറ്റി പോലീസ് ഒരുക്കിയ കാവലാള്‍ ഹ്രസ്വചിത്ര പ്രകാശനവും സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പട്രോളിംഗ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മവും നിര്‍വഹിക്കാനാണു സംഘാടകര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമാണു പ്രസംഗകനെന്നും രണ്ടു പരിപാടിയുടെയും ഉദ്ഘാടനം അദ്ദേഹമാണു നിര്‍വഹിക്കുകയെന്നുമാണു മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നത്. പ്രോഗ്രാം നോട്ടീസിലും ഇങ്ങനെതന്നെയായിരുന്നു.
ഇന്നലെ രാവിലെയായിരുന്നു പരിപാടിയില്‍ മാറ്റം വന്നത്. പിങ്ക് പട്രോളിംഗ് കണ്ട്രോള് റൂം നമ്പര്‍ ലോഞ്ച് ചെയ്യുന്ന ചുമതല നടി ഷീലയെയും ഹ്രസ്വചിത്ര പ്രകാശനം മേയര്‍ സൗമിനി ജെയിനെയും ഏല്പിച്ചു. എഡിജിപി ബി. സന്ധ്യ പങ്കെടുക്കുന്നതിനാല്‍ പിങ്ക് പട്രോളിംഗിനെ പരിചയപ്പെടുത്തുന്ന ചുമതല എഡിജിപിക്കും നല്കി. പിങ്ക് പട്രോള്‍ ഫ്ളാഗ് ഓഫ് മാത്രമായി മുഖ്യമന്ത്രിയുടെ ചുമതല ഒതുങ്ങി. ഇത് അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹം സമ്മതമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതാരകയുടെ ഇടപെടലും എഡിജിപി ബി. സന്ധ്യ എത്താന്‍ വൈകിയതും മൂലം പരിപാടികള്‍ തകിടം മറിഞ്ഞു. ചടങ്ങ് തുടങ്ങിയയുടന്‍ സന്ധ്യയെ പിങ്ക് പട്രോളിംഗ് പരിചയപ്പെടുത്താന്‍ ക്ഷണിച്ചെങ്കിലും അവര്‍ സ്ഥലത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് അവതാരക ഉദ്ഘാടകനായ മുഖ്യമന്ത്രിയെ ക്ഷണിച്ചത് സ്വാഗത പ്രസംഗം നടത്താന്‍. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് ഇടപെട്ട് അവതാരകയെ തിരുത്തുകയും മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടന പ്രസംഗത്തിനു ക്ഷണിക്കുകയും ചെയ്തു.
പ്രസംഗം കഴിഞ്ഞു മുഖ്യമന്ത്രി ഇരുന്നതിനു ശേഷം നടി ഷീലയും മേയറും പ്രസംഗിച്ചു. ഇതിനുശേഷമാണു ഫ്ളാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്പോഴേക്കും എഡിജിപി വേദിയിലെത്തി. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ വേദിയിലിരുന്ന മറ്റുള്ളവരുടെ അടുത്തേക്ക് എഡിജിപി നീങ്ങിയത് അദ്ദേഹത്തെ ചൊടിപ്പിച്ചുവെന്നു മുഖഭാവത്തില്‍ വ്യക്തമായിരുന്നു. ഫ്ളാഗ് ഓഫിനായി മുഖ്യമന്ത്രി എഴുന്നേല്ക്കാന് തുടങ്ങുമ്പോഴേക്കും അവതാരക പ്രസംഗത്തിനായി എഡിജിപിയെ ക്ഷണിച്ചു. ഇതോടെ, മുഖ്യമന്ത്രി എഴുന്നേറ്റു വേദി വിട്ടു. കമ്മീഷണറും മറ്റുദ്യോഗസ്ഥരും ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചശേഷം പോകണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചെങ്കിലും അടുത്ത പരിപാടിയില്‍ എത്താന്‍ വൈകുമെന്നറിയിച്ചശേഷം മുഖ്യമന്ത്രി മടങ്ങി. പിന്നീട്, എഡിജിപി ബി. സന്ധ്യയാണു ഫ്ളാഗ് ഓഫ് നിര്‍വഹിച്ചത്.