അടിയുണ്ടാക്കിയവര്‍ ഓടി രക്ഷപ്പെട്ടു; പോലീസ് കസ്റ്റഡിയിലെടുത്തത് വധുവിന്റെ സഹോദരനെ; വിവാഹ വിരുന്നനെത്തിയവര്‍ പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ചു

POLICEചിങ്ങവനം: വിവാഹവിരുന്നു സത്കാരം നടക്കുന്നതിനിടെ വധുവിന്റെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നാരോപിച്ച് ചടങ്ങിനെത്തിയവര്‍ ചിങ്ങവനം പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം ശക്തമായപ്പോള്‍ കസ്റ്റഡിയിലെടുത്തവരെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത വധുവിന്റെ സഹോദരനെ പോലീസ് മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. മര്‍ദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവാവിന്റെ അമ്മ ചിങ്ങവനം എസ്‌ഐക്കു പരാതി നല്‍കി.

ഇന്നലെ വൈകുന്നേരം നാലുമണിയോടെ ചിങ്ങവനം സെമിനാരി പടിക്ക് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: എഫ്എസിടി പ്രദേശത്ത് അടിപിടി നടക്കുന്നുവെന്നു നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് എത്തിയപ്പോള്‍ അടിയുണ്ടാക്കിയവര്‍ ഓടി രക്ഷപ്പെട്ടു.

അവിടെയുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തുകളിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് അടിപിടിയുണ്ടായത്. തൊട്ടടുത്തു വിവാഹ വിരുന്ന് സത്കാരം നടക്കുകയായിരുന്നു. വധുവിന്റെ സഹോദരനെയും മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞു ചടങ്ങിനെത്തിയവര്‍ പോലീസ്‌സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ടു പേരെയും വിട്ടയയ്ക്കുകയും ചെയ്തു. ഇരുവരെയും മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയെന്നും അവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും ചിങ്ങവനം എസ്‌ഐ അറിയിച്ചു. പോലീസ് മര്‍ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചു സിഐക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്‌ഐ അറിയിച്ചു.

Related posts