ലോകം ഇന്റര്‍നെറ്റിലേക്ക് ചേക്കേറുന്നു! ഈ വര്‍ഷം അവസാനത്തോടെ ലോകത്തിലെ പകുതിയിലേറെ ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായി മാറുമെന്ന് ഐക്യരാഷ്ട്ര സംഘടന. സ്മാര്‍ട്ട് ഫോണുകളുടെ വില കുറഞ്ഞതോടെ വില്പന കൂടി. ഇതാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാവാന്‍ കാരണം. എങ്കിലും ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വികസിത രാജ്യങ്ങളില്‍ കേന്ദ്രീകൃതമായിരിക്കുമെന്നും യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന് (ഐടിയു) റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസിതരാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. വികസ്വര രാജ്യങ്ങളില്‍ ഇത് 40 ശതമാനവും അവികസിത രാജ്യങ്ങളില്‍ 15 ശതമാനത്തില്‍ താഴെയുമാണ്.
ആഗോളതലത്തില്‍ 47 ശതമാനം ജനം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 60 ശതമാനമായി ഉയരും. ഈ വര്‍ഷം അവസാനത്തോടെ 350 കോടിയിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കും. ലോകജനസംഖ്യയുടെ ഏതാണ്ട് പകുതിയിലധികമാണിത്. 3ജി, 4ജി സേവനങ്ങള്‍ വ്യാപകമായതും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധക്കാന്‍ കാരണമായി.