ഇന്ത്യയില്‍ നക്‌സലേറ്റ് വിപ്ലവത്തിന് ആരംഭം കുറിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ചാരു മജുംദാര്‍, കാനു സന്യാല്‍, ജംഗല്‍ സാന്താള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബംഗാളിലെ നക്‌സല്‍ ബാരി ഗ്രാമത്തില്‍ നിന്നും ആരംഭിച്ച ആ വിപ്ലവത്തിന്റെ അലയൊലികള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. ഇന്ന് നക്‌സല്‍ പ്രസ്ഥാനം മാവോയിസമായി പരിണമിച്ചിരിക്കുന്നു എന്നു പറയാം. 1966ല്‍ നക്‌സല്‍ബാരിയില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിന്റെ അടിസ്ഥാനം പട്ടിണിയായിരുന്നു. ഭൂപ്രഭുക്കന്മാരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് നല്‍കുക എന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനം ഒരു പരിധിവരെ ഫലം കണ്ടു. അനേകം ഭൂപ്രഭുക്കന്മാര്‍ കൊല ചെയ്യപ്പെട്ടു. അവരുടെ ഭൂമി പാവപ്പെട്ടവര്‍ക്ക് വീതിക്കപ്പെട്ടു. എന്നാല്‍ ഇന്ന് നക്‌സല്‍ ബാരിയിലെത്തുന്നവര്‍ കാണുന്നത് അന്ന് ഭൂമി കിട്ടിയവരുടെ തലമുറ ഇന്നും കൂലിവേല ചെയ്തു കഴിയുന്നതാണ്. അന്ന് കര്‍ഷകര്‍ക്ക് കിട്ടിയ ഭൂമിയൊക്കെ അവര്‍തന്നെ ഇടനിലക്കാര്‍ക്ക് മറിച്ചുവിറ്റതോടെ അടുത്ത തലമുറ വീണ്ടും തൊഴിലാളികളായി. കാലം ഏറെക്കഴിഞ്ഞെങ്കിലും പോലീസിന്റെ സ്ഥിരനിരീക്ഷണത്തിലാകാന്‍ കഴിഞ്ഞുവെന്നതാണ് അവര്‍ക്കുണ്ടായ ഏകനേട്ടം.
ആദ്യകാലത്ത് മാര്‍ക്‌സിന്റെയും ലെനിന്റെയും ആദര്‍ശത്തിലൂന്നിയായിരുന്നു നക്‌സലേറ്റുകളുടെ പ്രവര്‍ത്തനം. എന്നാല്‍ 1967ല്‍ മജുംദാര്‍, സന്യാല്‍, സാന്താള്‍ എന്നിവര്‍ ചൈനയില്‍ പോയി മാവോ സേദുംഗിനെ കണ്ടതിനു ശേഷം ഇവരുടെ പ്രവര്‍ത്തന രീതിയും മാറി. സിപിഐയ്ക്കും സിപിഎമ്മിനും ഇന്ത്യയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നു മാവോ വിശ്വസിച്ചിരുന്നു. സായുധ വിപ്ലവത്തിലൂടെ മാത്രമേ മാറ്റം സാധ്യമാകുകയുള്ളൂ എന്നും മാവോ പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഇവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ആയുധം കൈയ്യിലേന്തിയുള്ളതായിരുന്നു എന്നതിന് ചരിത്രം തന്നെ തെളിവ്. നക്‌സലിസത്തിന്റെയും മാവോയിസത്തിന്റെയും ആശയങ്ങള്‍ തുടക്കത്തില്‍ വ്യത്യാസപ്പെട്ടിരുന്നെങ്കിലും ലക്ഷ്യം ഏറെക്കുറേ ഒരേകാര്യമായതിനാല്‍ നക്‌സലുകള്‍ മാവോയിസ്റ്റുകളായി. മാവോയിസം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസം ഒരു ഭീഷണിയൊന്നുമല്ല. എന്നിട്ടും നക്‌സല്‍-മാവോയിസ്റ്റ് വേട്ടയുടെ പേരും പറഞ്ഞ് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു.
നിലമ്പൂരില്‍ നടന്ന സംഭവം തന്നെ വ്യാജ ഏറ്റുമുട്ടലാണോയെന്ന സംശയം നിലനില്‍ക്കുകയാണ്. 1971ല്‍ നക്‌സല്‍ വര്‍ഗീസിനെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നു തെളിയാന്‍ പോലും വര്‍ഷങ്ങള്‍ എടുത്തു. മാര്‍ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം ഇവയെല്ലാം കമ്യൂണിസ്റ്റ് ആശയങ്ങളാണ്. മാര്‍ക്‌സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും ആശയങ്ങള്‍ പിന്തുടരുന്നവര്‍ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാണെന്നു വിശ്വസിക്കപ്പെടുമ്പോഴും മാവോയുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ തീവ്രവാദികള്‍ എന്നു മുദ്രകുത്തപ്പെടുന്നു.
കമ്യൂണിസത്തിന്റെ മറ്റു രൂപങ്ങളെല്ലാം ഒരു കാലത്തു കുത്തകമുതലാളികളെന്നു അവര്‍ തന്നെ വിശേഷിപ്പിച്ചവരുടെ പാതയിലൂടെ നീങ്ങിയപ്പോഴും, മാവോയിസ്റ്റുകള്‍ തങ്ങളുടെ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ മുമ്പോട്ടുപോയതാണ് അവര്‍ക്ക് തീവ്രവാദികളെന്ന വിശേഷണം ചാര്‍ത്തിക്കിട്ടാന്‍ കാരണം. ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെയും കമ്യൂണിസം തകര്‍ച്ചയെ നേരിട്ടതിനു കാരണവും കമ്യൂണിസ്റ്റ് ആശയങ്ങളുടെ അന്തസത്തയില്‍ സംഭവിച്ച വ്യതിയാനത്തിന്റെ ഫലമായിയായിരുന്നു.
നിലമ്പൂരില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച കുപ്പു ദേവരാജിന്റെ മൃതദേഹത്തില്‍ നിന്നും 11 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അജിതയുടെ ശരീരത്തില്‍ നിന്നും ആറെണ്ണവും. ഇതില്‍നിന്നും മാവോയിസ്റ്റുകളെ ജീവനോടെ പിടിക്കുക എന്ന യാതൊരു ഉദ്ദേശ്യവും ദൗത്യസംഘത്തിനില്ലായിരുന്നു എന്നു വ്യക്തം. മാവോയിസ്റ്റുകള്‍ക്ക് സമാധാനപരമായി സംഘടിക്കാനുള്ള അവകാശം കോടതിതന്നെ നല്‍കുന്നു. ഇത് വ്യാജഏറ്റുമുട്ടലാണെങ്കില്‍ ആരെ ബോധിപ്പിക്കാനായിരുന്നു ഈ മാവോയിസ്റ്റ് വേട്ട എന്ന ചോദ്യമുയരുകയാണ്.