മൊഹാലി: ഇന്ത്യയുടെ മൂന്നു സ്പിന്നര്‍മാര്‍ ബാറ്റ് കൊണ്ടും ഇംഗ്ലണ്ടിനു തലവേദനയായതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 134 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്കു അപ്രാപ്യമെന്നു തോന്നിച്ച ലീഡ് സമ്മാനിച്ചത്. 134 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സിലിറങ്ങിയ ഇംഗ്ലണ്ടിന് 78 റണ്‍സെടുക്കുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടമായി. ജോ റൂട്ട് (36), ഗാരത് ബാറ്റി (0) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനി 56 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റെടുത്ത അശ്വിനാണ് ഇംഗ്ലീഷ് മുന്‍നിരയെ തകര്‍ത്തത്.
ലീഡ് നേടാന്‍ 12 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയുടെ വഴിക്കായിരുന്നു കാര്യങ്ങളെല്ലാം നീങ്ങിയത്. ഓള്‍ റൗണ്ടര്‍ പദവിക്കു ചേര്‍ന്ന തരത്തില്‍ അശ്വിനും ജഡേജയും ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ആറാം വിക്കറ്റ് 204 റണ്‍സില്‍ നഷ്ടമായ ഇന്ത്യയുടെ അവസാന നാലു ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത് 213 റണ്‍സ്.
ഒരേ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 7,8,9 വിക്കറ്റുകളില്‍ ഇറങ്ങുന്ന ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധസെഞ്ചുറി കുറിക്കുന്നത് ആദ്യമായാണ്. ഇന്ത്യന്‍ ലീഡ് 50 റണ്‍സിലെങ്കിലും ഒതുക്കാമെന്നുള്ള കണക്കുകൂട്ടലിലിറങ്ങിയ ഇംഗ്ലണ്ടിനു തൊട്ടതെല്ലാം പിഴച്ചു. മൂന്നാം ദിനത്തിലെ ക്രിസ് വോക്‌സിന്റെ ആദ്യ പന്തില്‍ ബൗണ്ടറി പായിച്ച് അശ്വിന്‍ നയം വ്യക്തമാക്കി. തുടര്‍ന്നു ജയിംസ് ആന്‍ഡേഴ്‌സണും ബെന്‍ സ്‌റ്റോക്‌സിനു നല്‍കുന്നതിനുമുമ്പ് അലിസ്റ്റര്‍ കുക്ക് മോയിന്‍ അലിക്കു പന്തു നല്‍കി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. പന്തിന്റെ കണക്കുവച്ചു നോക്കിയാല്‍ ജഡേജയുടെ ക്രിക്കറ്റ് കരിയറിലെ ഏഴാമത്തെ നീളമേറിയ ഇന്നിംഗ്‌സായിരുന്നു മൊഹാലിയിലേത്. തുടര്‍ന്നെത്തിയ ജയന്ത് യാദവ് 134 പന്തുകളില്‍ അര്‍ധശതകം നേടി ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിച്ചു.
ടെസ്റ്റില്‍ ജഡേജ ഇതിനു മുമ്പ് അര്‍ധ സെഞ്ചുറി നേടിയിട്ടുള്ളത് രണ്ടു തവണ മാത്രമാണ്. രണ്ടും ഇന്ത്യക്ക് ഏറ്റവും ആവശ്യമേറിയ ഘട്ടത്തിലും. 2014ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ കളി വിജയിപ്പിക്കുന്ന ലീഡ് നല്‍കുന്നതില്‍ നിര്‍ണായകമായ ഇന്നിംഗ്‌സായിരുന്നു ജഡേജയുടേത്. രണ്ടാമത്തെ അര്‍ധ സെഞ്ചുറി ന്യൂസിലന്‍ഡിനെതിരേ ഈ വര്‍ഷം ദ്രുതഗതിയില്‍ ഡിക്ലയര്‍ ചെയ്യുന്നതിനു മുമ്പ് നേടിയത്. 104 പന്തുകളില്‍ നിന്നാണ് ജഡേജ 50 റണ്‍സിലേക്കെത്തിയത്. വിരാട് കോഹ്ലിയെ വീഴ്ത്തിയപോലെ ഓഫ് സ്റ്റംമ്പിനു പുറത്തു പന്തുകള്‍ തുടരെ എറിഞ്ഞു സ്‌റ്റേക്‌സ് ശ്രമിച്ചെങ്കിലും അനാവശ്യ പന്തുകളില്‍ ബാറ്റ് വയ്ക്കാതെയായിരുന്നു ജഡേജ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയത്. അശ്വിന്‍ – ജഡേജ സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. സ്‌റ്റോക്‌സിന്റെ പന്തില്‍ ജോസ് ബട്ട്‌ലറിനു ക്യാച്ച് നല്‍കി മടങ്ങും മുമ്പ് 113 പന്തുകളില്‍ 72 റണ്‍സാണ് ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ നേടിയത്. ജയന്ത് യാദവ് മറ്റൊരു അശ്വിനെ ഓര്‍മിപ്പിക്കും വിധം ബൗണ്ടറിയുമായാണ്് കളി തുടങ്ങിയത്. ജഡേജയും ജയന്തും ചേര്‍ന്നുള്ള 80 റണ്‍സിന്റെ സഖ്യം റഷീദ് അവസാനിപ്പിച്ചു. ടെസ്റ്റ് കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടുന്നതിനു പത്തു റണ്‍സ് അകലെയായിരുന്ന ജഡേജയെ ആദില്‍ റഷീദ് വോക്‌സിന്റെ കൈകളിലെത്തിച്ചു. 170 പന്തുകളില്‍ നിന്നാണ് ജഡേജ 90 റണ്‍സെടുത്തത്. ഉമേഷ് യാദവ് ജയന്തിനു മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ വീണ്ടും ഉയര്‍ന്നു. ഒമ്പത് റണ്‍സില്‍ നില്‍ക്കേ ഉമേഷ് യാദവ് നല്‍കിയ അവസരം കുക്ക് വിട്ടുകളഞ്ഞിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 414ല്‍ എത്തിയപ്പോള്‍ ജയ് സ്‌റ്റോക്‌സിന്റെ പന്തില്‍ അലിക്കു ക്യാച്ച് നല്‍കി മടങ്ങി. 141 പന്തുകളില്‍ നിന്നാണ് ജയന്ത് 55 റണ്‍സെടുത്തത്. നാലു റണ്‍സ് കൂടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത് ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ റഷീദ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ മണ്ണില്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ഇംഗ്ണ്ട് പേസര്‍ എന്ന റിക്കാര്‍ഡും സ്‌റ്റോക്‌സ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിന്‍ വരിഞ്ഞുമുറുക്കി. കുക്ക്, അലി, സ്‌റ്റോക്‌സ് എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ ജോനി ബെയര്‍സ്‌റ്റോയെ ജയന്ത് യാദവും പുറത്താക്കി. പരിക്കേറ്റ ഹസീബ് ഹമീദിനു പകരം ഓപ്പണിംഗിനെത്തിയ റൂട്ട് 101 പന്തുകളില്‍ 36 റണ്‍സെടുത്ത് ക്രീസിലുണ്ട്. 19 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ നേടിയത്.
സ്‌കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 283
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്
വിജയ് സി ബെര്‍സ്‌റ്റോ ബി സ്‌റ്റോക്‌സ് 12, പാര്‍ഥീവ് എല്‍ബിഡബ്ല്യൂ ബി റഷീദ് 42, പൂജാര സി വോക്‌സ് ബി റഷീദ് 51, കോഹ്ലി സി ബെയര്‍സ്‌റ്റോ ബി സ്‌റ്റോക്‌സ് 62, രഹാനെ എല്‍ബിഡബ്ല്യൂ ബി റഷീദ് 0, കരുണ്‍ നായര്‍ റണ്‍ ഔട്ട് (ബട്ട്‌ലര്‍) 4, അശ്വിന്‍ സി ബട്ട്‌ലര്‍ ബി സ്‌റ്റോക്‌സ് 72, ജഡേജ സി വോക്‌സ് ബി റഷീദ് 90, ജയന്ത് യാദവ് സി അലി ബി സ്‌റ്റോക്‌സ് 55, ഉമേഷ് യാദവ് സി ബെയര്‍സ്‌റ്റോ ബി സ്‌റ്റോക്‌സ് 12, ഷാമി നോട്ടൗട്ട് 1. എക്‌സ്ട്രാസ് 16.
ആകെ 138.2 ഓവറില്‍ 417നു പുറത്ത്.
ബൗളിംഗ്
ആന്‍ഡേഴ്‌സണ്‍ 21–4–48–0, വോക്‌സ് 24–7–86–0, അലി 13–1–33–0, റഷീദ് 38–6–118–4, സ്‌റ്റോക്‌സ് 26.2–5–73–5, ബാറ്റി 16–0–47–0
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ്
കുക്ക് ബി അശ്വിന്‍ 12, റൂട്ട് നോട്ടൗട്ട് 36, അലി സി ജയന്ത് ബി അശ്വിന്‍ 5, ബെയര്‍സ്‌റ്റോ സി പട്ടേല്‍ ബി ജയന്ത് 15, സ്‌റ്റോക്‌സ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 5, ബാറ്റി നോട്ടൗട്ട് 0. എക്‌സ്ട്രാസ് 5. ആകെ 38 ഓവറില്‍ നാലിന് 78.
ബൗളിംഗ്; ഷാമി 7–2–17–0, ഉമേഷ് യാദവ് 1–0–7–0, അശ്വിന്‍ 12–3–19–3, ജഡേജ 12–4–18–0, ജയന്ത് യാദവ് 6–1–12–1