ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയം അനിവാര്യം

kerala_blasters1കോല്‍ക്കത്ത: രവീന്ദ്രസരോവര്‍ സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം. ഇന്നു ജയിക്കുന്ന ടീമിന് ഏറെക്കുറെ സെമി ഉറപ്പിക്കാം എന്നിരിക്കേ, പോരാട്ടം കനക്കുമെന്നുറപ്പ്. 12 മത്സരങ്ങളില്‍നിന്ന് അഞ്ചു ജയവും ആറു പരാജയവും രണ്ടു സമനിലയുമുള്ള കേരളത്തിന് 18 പോയിന്റുണ്ട്. അത്രതന്നെ കളികളില്‍നിന്ന് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കും 18 പോയിന്റാണുള്ളത്. ഈ മത്സരം ആരു ജയിച്ചാലും അവര്‍ സെമിയിലെത്തും. സ്വന്തം തട്ടകത്തില്‍ കേരളം കോല്‍ക്കത്തയോട് പരാജയപ്പെട്ടു. കൊച്ചിയില്‍ കേരളം പരാജയപ്പെട്ട ഏക മത്സരവും അതായിരുന്നു. അതിനുള്ള പ്രതികാരം ചെയ്യാന്‍ കോല്‍ക്കത്തയില്‍ കേരളത്തിനു സാധിച്ചാല്‍ ആത്മവിശ്വാസത്തോടെ സെമി കളിക്കാം. അവസാന മത്സരം ഡിസംബര്‍ നാലിന് കൊച്ചിയിലാണ്.

കണക്കിലെ കളിയില്‍ കോല്‍ക്കത്തയ്ക്കാണ് മുന്‍തൂക്കം. മുംബൈക്കെതിരായ കനത്ത പരാജയത്തിനു ശേഷം കൊച്ചിയില്‍ പൂനയ്‌ക്കെതിരേ ത്രസിപ്പിക്കുന്ന വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. അതിന്റെ ആത്മവിശ്വാസം ടീമിനുണ്ടെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറയുന്നു.

എഫ്‌സി ഗോവയെ 2–1നു പരാജയപ്പെടുത്തിയ കോല്‍ക്കത്തയും നിറഞ്ഞ പ്രതീക്ഷയിലാണ്. എന്നാല്‍, പരിക്കാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്റ്റീഫന്‍ പിയേഴ്‌സണ്‍, സമീഗ് ഡ്യൂറ്റി, ലാല്‍റിന്‍ഡിഗ റാല്‍ത്തെ എന്നീ മുന്‍നിര താരങ്ങള്‍ പരിക്കിലായത് കോല്‍ക്കത്തയ്ക്കു തിരിച്ചടിയായി. ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇയാന്‍ ഹ്യൂമിന്റെ നേതൃത്വത്തിലുള്ള ടീം കരുത്തരാണ്. ഫുട്‌ബോള്‍ പ്രണയികളുടെ കേന്ദ്രമായ കോല്‍ക്കത്തയിലെത്തുമ്പോള്‍ അവര്‍ക്ക് വര്‍ധിത വീര്യം കൈവരുമെന്നുറപ്പ്.

സെമിയില്‍ പരിഗണിക്കുന്നത് നേര്‍ക്കുനേര്‍ പോരാട്ടം
copal
മുംബൈ സിറ്റിയും ഡല്‍ഹി ഡൈനാമോസും സെമിയിലെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ടു സ്ഥാനങ്ങളിലേക്ക് കോല്‍ക്കത്ത, നോര്‍ത്ത് ഈസ്റ്റ്, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ടീമുകള്‍ തമ്മിലാണ് പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ കോല്‍ക്കത്ത വിജയിച്ചാല്‍ അവരുടെ സെമിയിലെ സ്ഥാനം ഉറപ്പാകും. എന്നാല്‍, കേരളത്തിനു ജയിച്ചാല്‍ മാത്രം പോരാ. മറ്റു സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണം. നേര്‍ക്കുനേര്‍ പോരാട്ടമാണ് മൂന്നു ടീമിനും തുല്യ പോയിന്റ് വന്നാല്‍ പരിഗണിക്കുന്ന വിഷയം. കേരളം ഇന്നു പരാജയപ്പെടുകയും അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്താല്‍ കേരളത്തിനു സെമിയില്‍ ഇടമുണ്ടാകും. എന്നാല്‍, നോര്‍ത്ത് ഈസ്റ്റ് ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിക്കുകയും കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നത്തെ മത്സരത്തില്‍ മാത്രം വിജയിക്കുകയും ചെയ്താല്‍ കേരളത്തിന്റെ നില പരുങ്ങലിലാകും. കാരണം ഇരുടീമിനും അപ്പോള്‍ 21 പോയിന്റ് വീതമാകും. ഗോള്‍ ശരാശരിയില്‍ കേരളത്തേക്കാള്‍ മുന്നിലാണ് നോര്‍ത്ത് ഈസ്റ്റ്. അതുപോലെ തന്നെയാണ് കോല്‍ക്കത്തയുടെയും അവസ്ഥ. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെടുകയും അവസാന മത്സരത്തില്‍ പൂന സിറ്റിയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മൂന്ന് ടീമിനും 21 പോയിന്റ് വീതമാകും.

അപ്പോഴും നഷ്ടം കേരള ബ്ലാസ്‌റ്റേഴ്‌സിനാകും. തമ്മില്‍ത്തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരാണു വിജയിച്ചത് എന്നതും സെമി സ്ഥാനം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ എവേ മത്സരത്തില്‍ പരാജയപ്പെട്ടത് കേരളത്തിന് പ്രതികൂല ഘടകമാണ്. നോര്‍ത്ത് ഈസ്റ്റിന് അടുത്ത മത്സരം 30–ാം തീയതി ഡല്‍ഹി ഡൈനാമോസി നെതിരാണ്.

സ്റ്റീവ് കോപ്പല്‍ ചോദിക്കുന്നു; ഐഎസ്എലിന്റെ പ്രാഥമിക ഉദ്ദേശ്യം എന്ത് ?

കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രാഥമിക ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ രംഗത്ത്. കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഏറ്റവും മികച്ച താരങ്ങളെ വാര്‍ത്തെടുത്ത് അടുത്ത അഞ്ചു മുതല്‍ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ഫിഫ റാങ്കിംഗില്‍ ആദ്യ നൂറില്‍ എത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. കൂടുതല്‍ ഫുട്‌ബോള്‍, അതായത് കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക. അതായിരിക്കണം മുഖ്യ ലക്ഷ്യം.താത്പര്യം വര്‍ധിപ്പിക്കുക, താരങ്ങളെ വാര്‍ത്തെടുക്കുക എന്നതാണോ മികച്ച ടീമിനെ കണ്ടെത്തുക എന്നുള്ളതാണോ ലക്ഷ്യമെന്ന് മുന്‍ ഇംഗ്ലീഷ് താരമായ കോപ്പല്‍ ചോദിച്ചു.

ഇന്ത്യയിലെ ഫുട്‌ബോള്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണ്. യുവാക്കള്‍ക്കു അത്യാവശ്യം സൗകര്യങ്ങളെങ്കിലും ലഭ്യമാക്കണം. എന്നിരുന്നാലും ഐഎസ്എല്‍ പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇന്ത്യന്‍ കളിക്കാരും വിദേശ കളിക്കാരും തമ്മിലുള്ള അനുപാതം സംഘാടകര്‍ പുനര്‍ചിന്തിച്ചാല്‍ മാത്രമേ പ്രാദേശിക കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാകുകയുള്ളുവെന്നും കോപ്പല്‍ പറഞ്ഞു. മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഒരു രാജ്യാന്തര താരത്തെ സൃഷ്ടിച്ചാല്‍ അടുത്ത വര്‍ഷം ആറ് ഇന്ത്യന്‍ താരങ്ങള്‍ മികച്ച കളിക്കാരാകുമെന്നും അദ്ദേഹം പറഞ്ഞു.

അറുപത്തിയൊന്നുകാരനായ കോപ്പലിന് ഒമ്പത് ആഴ്ചകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ലീഗ് വ്യവസ്ഥയോടും താത്പര്യം കുറവാണ്. നീണ്ട സീസണുകളാണ് മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ സഹായിക്കുകയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ മധ്യനിരക്കാരനും കൂടിയായ കോപ്പല്‍ പറഞ്ഞു.

Related posts