കാത്തലിക് സിറിയന്‍ ബാങ്ക് നോട്ടമിട്ട് കാനഡയിലെ ഇന്ത്യന്‍ കോടീശ്വരന്‍

pretham_valsa1തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് കാനഡയിലെ വ്യവസായ പ്രമുഖന്‍. ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സാണു കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുള്ളത്. വോട്ടവകാശമുള്ള പതിനഞ്ചു ശതമാനം ഓഹരികള്‍ വാങ്ങാനാണു റിസര്‍വ് ബാങ്കിന്റെ അനുമതി ഇദ്ദേഹം തേടിയിട്ടുള്ളതെന്നു ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ഇന്ത്യന്‍ വംശജനായ പ്രേം വത്സ ഫെയര്‍ഫാക്‌സ് ഇന്ത്യാ ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ ദീപക് പരേഖുമൊത്ത് ഇക്കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ സന്ദര്‍ശിച്ചിരുന്നു. വിദേശ നിക്ഷേപകര്‍ക്കു ബാങ്കുകളില്‍ പതിനഞ്ചു ശതമാനം വോട്ടവകാശം നല്‍കണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രത്യേക അനുമതി വേണം. അനുമതി നല്‍കുകയാണെങ്കില്‍ ബാങ്കിംഗ് രംഗത്തേക്കു കൂടുതല്‍ വിദേശ നിക്ഷേപകര്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. ഓഹരികള്‍ കൈമാറാനുള്ള ശ്രമങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ ബാങ്ക് അധികാരികളും ഫെയര്‍ഫാക്‌സ് അധികൃതരും റിസര്‍വ് ബാങ്ക് വൃത്തങ്ങളും വിസമ്മതിച്ചു.

430 ശാഖകളുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തെ ലാഭം 53 കോടി രൂപയായിരുന്നു. ബാങ്കിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മികച്ച ആദായമാണിത്. കഴിഞ്ഞ വര്‍ഷത്തെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ചു 41 കോടി രൂപയുടെ നഷ്ടമായിരുന്നു.

റിസര്‍വ് ബാങ്കിന്റെ മാനദണ്ഡമനുസരിച്ചു 9.63 ശതമാനം ഉണ്ടാകേണ്ട മൂലധന പര്യാപ്തത 10.55 ശതമാനത്തില്‍നിന്നു 10.69 ശതമാനമായി വര്‍ധിപ്പിച്ചു. ബാങ്കിന്റെ 130 കോടി രൂപയുടെ ഓഹരി ഏഴു കമ്പനികള്‍ വാങ്ങാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. റിലയന്‍സ് കാപ്പിറ്റല്‍, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്, ബജാജ് അലയന്‍സ്, ഭാരതി ലൈഫ് ഇന്‍ഷ്വറന്‍സ്, ഇക്കണോമിക്‌സ് ടൈംസിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി, ഡെല്‍വീസ് ടോക്കിയോ ലൈഫ് ഇന്‍ഷ്വറന്‍സ് എന്നീ കമ്പനികളാണ് ഓഹരി വാങ്ങുന്നത്. റിലയന്‍സ് കാപിറ്റല്‍ 42.3 ലക്ഷം ഓഹരികള്‍ വാങ്ങും.

പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ നൂറു മുതല്‍ 120 രൂപയ്ക്കു വരെ വില്‍ക്കാമെന്നു ബാങ്കിന്റെ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചിരുന്നു. ലുലു ഗ്രൂപ്പ് സാരഥിയും പ്രമുഖ വിദേശ ഇന്ത്യന്‍ വ്യവസായിയുമായ എം.എ. യൂസഫലി നേരത്തെ 4.9 ശതമാനം ഓഹരി വാങ്ങിയിരുന്നു. ബാങ്കിന്റെ ഒരു ശതമാനത്തിലേറെ ഓഹരി കൈവശമുള്ള 21 ഓഹരിയുടമകളുണ്ട്.

പ്രേം വത്സയുടെ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ 9,000 കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ മാത്രം 2,149 കോടി രൂപയാണു നിക്ഷേപിച്ചിരിക്കുന്നത്.

Related posts