ആലപ്പുഴ: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നരകിലോ കഞ്ചാവുമായി പോലീസ് പിടിയിലായ ടൂറിസ്റ്റ് ഗൈഡിനെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡ് നടുവിലെ മുറിയില്‍ വിഷ്ണു (28)വിനെയാണ് ആലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി എ. അക്ബറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുങ്കം പള്ളാത്തുരുത്തി പോലീസ് ഔട്ട്പോസ്റ്റിന് സമീപത്തെ സീറോ ജെട്ടിക്ക് സമീപത്തുനിന്നുമാണ് സൗത്ത് പോലീസ്് അറസ്റ്റ് ചെയ്തത്. പുന്നമട കേന്ദ്രീകരിച്ച് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത് ഇയാളാണെന്ന് പോലീസ ് പറഞ്ഞു.
പൊതി ഒന്നിന് 500 രൂപ നിരക്കിലായിരുന്നു കച്ചവടം. വിദേശികളില്‍ നിന്ന് ആയിരം രൂപ വരെ ഈടാക്കിയിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്ന് നഗരത്തിലെ ലഹരി മരുന്ന് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന് നിയോഗിച്ച പ്രത്യേക സംഘം ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.
വിഷ്ണുവിന്റെ പേരില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. സൗത്ത് സിഐ കെ.എന്‍. രാജേഷിനാണ് കേസിന്റെ തുടരന്വേഷണ ചുമതല.