പൂച്ചാക്കല്‍: സിലണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത്് പരിഭ്രാന്തിപരത്തി. വിതരണ ഏജന്‍സിയില്‍ നിന്നും നല്കിയ സീല്‍ പൊട്ടിക്കാത്ത സിലിണ്ടറിന്റെ അടിഭാഗത്തു നിന്നുമാണ് ഗ്യാസ് ചോര്‍ന്നത്. പാണാവളളി പത്താം വാര്‍ഡില്‍ ചെളളിക്കാട്ട് മോഹനന്റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച ലഭിച്ച പാചക വാതക സിലിണ്ടറിനാണ് ചോര്‍ച്ചയുണ്ടായത്.
സാധാരണ സിലണ്ടറിന്റെ മുകള്‍ഭാഗത്തെ നോബില്‍ നിന്നാണ് ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടാകാറുള്ളത്. അടിഭാഗത്ത് സിലിണ്ടര്‍ വെല്‍ഡിംഗ് ചെയ്ത ഭാഗത്തുനിന്നായിരുന്നു ചോര്‍ച്ചയുണ്ടായത്. 2018 വരെ ഉപയോഗിക്കാമെന്നാണ് സിലിണ്ടറില്‍ എഴുതിയിട്ടുള്ളത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള സിലിണ്ടറുകള്‍ അറ്റകുറ്റപ്പണി നടത്താതെ വീണ്ടും പെയ്ന്റ് അടിച്ച് പുതുക്കിയാണ് ഉപയോഗിക്കുന്നതെന്ന് ആരോപണമുണ്ട്. സിലിണ്ടര്‍ വീടിന് പുറത്ത് തന്നെ വെച്ചിരുന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വൈകുന്നേരം വീട്ടിനകത്തേക്ക് വെക്കാന്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ച കാണുന്നത്. ഉടനെ വലിയ ചെമ്പില്‍ വെള്ളം നിറച്ച് സിലിണ്ടര്‍ അതില്‍ ഇറക്കിവെച്ചു.
അധികൃതരെ വിവരം അറിയിച്ചു. പൂച്ചാക്കല്‍ പോലീസും ചേര്‍ത്തലയില്‍ നിന്നും അഗ്നിശമന സേന വിഭാഗവും സ്ഥലത്തെത്തി ചോര്ച്ചയുണ്ടായിരുന്ന സിലിണ്ടര്‍ എടുത്തു കൊണ്ട് പോയി സമീപത്തെ കുളത്തില്‍ മുക്കി.
ഗ്യാസ് ചോര്‍ന്നുകൊണ്ടിരിക്കുന്ന നിലയില്‍ സിലിണ്ടര്‍ ഞായറാഴ്ച രാവിലെ ഗ്യാസ് ഏജന്‍സി ജീവനക്കാരനെത്തി കൊണ്ടുപോയി. അപകടം ഉണ്ടാക്കുന്ന കാലപ്പഴക്കം ചെന്ന സിലിണ്ടറുകള്‍ കമ്പനി പിന്‍വലിച്ച് പുതിയ സിലിണ്ടര്‍ വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.