അറബിക്കഥ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ശിവജി ഗുരുവായൂര്‍ എന്ന നാടക നടന് സിനിമലോകത്തെത്തിയത്. ആയിരക്കണക്കിന് സ്റ്റേജുകളില്‍ നിറഞ്ഞാടിയ താരം. എന്നാല്‍, സിനിമയില്‍ തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന പരാതിയിലാണ് ശിവജി. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തു.
സിനിമയില്‍ ഞങ്ങള്‍ തന്നെ ലോകാവസാനം വരെ നില്ക്കണമെന്നു ചിന്തിക്കുന്ന ആളുകളും ഈ മേഖലയിലുണ്ട്. പുതിയ താരങ്ങള്‍ അഭിനയിക്കുന്ന പടം വന്നാല്‍ തിയേറ്ററില്‍ ആളുകള്‍ കയറില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ആസ്വാദന നിലവാരത്തിനും ആസ്വാദക സംസ്കാരത്തിനും മാറ്റം വരണം. ഞാന്‍ ഇതുവരെ 182 സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ഒരൊറ്റ ചിത്രത്തിന്റെ പോസ്റ്ററില്‍പ്പോലും എന്റെ ചിത്രം വന്നിട്ടില്ല. ഇതിന് കാരണം എന്താണെന്ന് അറിയില്ല. എങ്കിലും ആരോടും പരാതിയില്ല- ശിവജി പറയുന്നു. സിനിമയിലെ കോക്കസുകളെയൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റേതായ വഴിയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഒട്ടേറെ കഴിവുള്ള താരങ്ങള്‍ സിനിമയിലെത്താനാവാതെ പുറത്തുനില്‍ക്കുന്നുണ്ട്.
അറബിക്കഥയ്ക്കുശേഷം മനസിനിളങ്ങിയ കഥാപാത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ശിവജി പറയുന്നു. എന്നുകരുതി സിനിമയെ തള്ളിപ്പറയില്ല. കഴിവുള്ള നിരവധിപേര്‍ അവസരം കിട്ടാതെ പുറത്തുനില്പുണ്ട്. സിനിമയേക്കാള്‍ എനിക്കിഷ്ടം നാടകമാണ്. ഇപ്പോള്‍, സിനിമയിലെ ഗിമ്മിക്കുകള്‍ എന്താണെന്ന് പരസ്യമായി എല്ലാവര്ക്കും അറിയാം. എന്നാല്‍ നാടകത്തില്‍ ഗിമ്മിക്കുകള്‍ ഇല്ല. എല്ലാം ലൈവാണ്. സിനിമ സാങ്കേതിക കലയാണ്. നാടകമെന്നത് ക്രിയേറ്റീവായ കലയാണ്. ബഷീറിന്റെ പ്രേമലേഖനം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളാണ് ശിവജിയുടേതായി പുറത്തുവരാനുള്ളത്.