കൊട്ടാരക്കര: പ്രഭാതസവാരിക്കിറങ്ങിയ സ്തീകളുടെയിടയിലേക്ക് പിക്കപ്പ് വാനിടിച്ചുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്.കോട്ടാത്തല പണയില്‍ തെക്കടുത്ത് വീട്ടില്‍ പരേതനായ അശോകന്‍ ഉണ്ണിത്താന്റെ ഭാര്യ ലതിക (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പണയില്‍ സ്വദേശിനികളായ മിനി(35), മിലി (36), ഗീത (39) എന്നിവര്‍ക്കാണ് പരിക്ക്.
ഇന്ന് പുലര്‍ച്ചെ അഞ്ചിന് കോട്ടാത്തല പണയില്‍ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കൊട്ടാരക്കരവരെ നടന്നശേഷം നാല്‍വര്‍സംഘം പണയില്‍ഭാഗത്തേക്ക് വരുന്നതിനിടയില്‍ പണയില്‍വളവില്‍വച്ച് പാല്‍കയറ്റിവന്ന പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വരെ നാട്ടുകാരും അതുവഴിവന്ന യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ലതികയെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിനുശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. അഖിലാണ് മരിച്ച ലതികയുടെ മകന്‍. കൊട്ടാരക്കര പോലീസ് കേസെടുത്തു.