ശ്രീകണ്ഠപുരം: നിടിയേങ്ങ സ്കൂള്‍ പരിസരത്തെ സ്റ്റേഷനറി കടയില്‍നിന്ന് 631 പായ്ക്കറ്റ് ഹാന്‍സ് ശ്രീകണ്ഠപുരം എക്‌സൈസ് പിടികൂടി. കടയുടമ ആലക്കോട് സ്വദേശി പൂമംഗലാരകത്ത് പുതിയവളപ്പില്‍ ഇബ്രാഹിം ഹാജി (59) ക്കെതിരേ കേസെടുത്തു. ഇയാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നിടിയേങ്ങയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ പാന്‍മസാല വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദ്കുമാറിന്റെ നേതൃത്വത്തില്‍ കടയില്‍ റെയ്ഡ് നടത്തുകയായിരുന്നു.
തറയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. റെയ്ഡ് സമയത്ത് ഇയാള്‍ കടയിലുണ്ടായിരുന്നില്ല. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.