റിലയന്‍സ് ജിയോയ്ക്ക് അഞ്ചു കോടി വരിക്കാര്‍

relianceമുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കുതിപ്പ് തുടരുന്നു. 83 ദിവസംകൊണ്ട് അഞ്ചു കോടി വരിക്കാരെന്ന നേട്ടവുമായാണ് ജിയോ കുതിക്കുന്നത്. ലോകത്തില്‍ അതിവേഗം വളരുന്ന ടെലികോം കമ്പനി എന്ന പേരും ജിയോയ്ക്കു സ്വന്തം. രാജ്യത്തെ ഏറ്റവും വിലിയ 4ജി സേവനങ്ങള്‍ നല്കുന്ന ഓപ്പറേറ്റര്‍ എന്ന നേട്ടവും ജിയോ സ്വന്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ സെക്കന്‍ഡില്‍ 1,000 പേര്‍ വീതമാണ് റിലയന്‍സ് വരിക്കാരാകുന്നത്, ഒരു ദിവസം ശരാശരി ആറു ലക്ഷം പേരും.

അഞ്ചു കോടി വരിക്കാരെന്ന നേട്ടം എയര്‍ടെല്‍ സ്വന്തമാക്കിയത് 12 വര്‍ഷംകൊണ്ടാണ്. വോഡഫോണും ഐഡിയയും 13 വര്‍ഷമെടുത്തു. വരിക്കാര്‍ക്കായി വെല്‍കം ഓഫറുകള്‍ നല്കിയതാണ് ജിയോയ്ക്കു നേട്ടമായത്.

വരിക്കാരുടെ മൊത്തം എണ്ണത്തില്‍ മറ്റു കമ്പനികളേക്കാള്‍ പിന്നിലാണെങ്കിലും അവതരണ സമയത്ത് മുകേഷ് അംബാനി പ്രഖ്യാപിച്ച മാര്‍ച്ചിനുള്ളില്‍ പത്തു കോടി വരിക്കാര്‍ എന്ന ലക്ഷ്യം ജിയോ മറികടന്നേക്കാം എന്ന സൂചന ഈ മുന്നേറ്റത്തിലുണ്ട്.

4ജി ഉപയോക്താക്കളുടെ കണക്കെടുത്താല്‍ മറ്റു ടെലികോ ഓപ്പറേറ്റര്‍മാരെക്കാളും ബഹുദൂരം മുന്നിലാണ് ജിയോ. എയര്‍ടെലിന് ഒരു കോടിയും ഐഡിയയ്ക്ക് 30 ലക്ഷവും 4ജി വരിക്കാരാണുള്ളത്.

ഡിസംബര്‍ മൂന്നിന് ജിയോ നല്കിയ വെല്‍കം ഓഫറുകള്‍ അവസാനിക്കും. ജനുവരി ഒന്നു മുതല്‍ ഡാറ്റയ്ക്കു മാത്രം ചാര്‍ജ് ഈടാക്കുമെന്നാണ് ജിയോയുടെ അറിയിപ്പ്. ഒരു ദിവസത്തേക്ക് 19 രൂപ, ഒരു മാസത്തേക്ക് 149 രൂപ, വന്‍തോതില്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 4,999 രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്. അതേസമയം സംസാരത്തിന് ചാര്‍ജ് ഈടാക്കില്ല. റോമിംഗും സൗജന്യമായിരിക്കും.

Related posts