രാജ്യത്ത് വലിയ തുകകളുടെ കറന്‍സികള്‍ റദ്ദാക്കിയിട്ട് 20 ദിവസം പിന്നിട്ടു. ജനങ്ങള്‍ ഇപ്പോഴും എടിഎമ്മുകളുടെ മുന്നില്‍ത്തന്നെ. രാജ്യത്ത് ഏറ്റവുമധികം പണമിടപാടു നടക്കുന്ന മേഖലകളിലെല്ലാംതന്നെ സമ്മിശ്ര പ്രതികരണം. എങ്കിലും പണമിടപാടുകളില്‍ കാര്യമായ ഇടിവും നഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വാഹനം
കറന്‍സികള്‍ പിന്‍വലിച്ചതോടെ വാഹനവിപണി കുത്തനെ ഇടിഞ്ഞു. ഇരുചക്രം, കൊമേഴ്‌സല്‍ വെഹിക്കിള്‍, ആഡംബര വാഹനങ്ങള്‍ എന്നിവയുടെയെല്ലാം വില്പനയെ കറന്‍സി റദ്ദാക്കല്‍ സാരമായി ബാധിച്ചു. യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ 40–50 ശതമാനം വില്പന ഇടിഞ്ഞപ്പോള്‍ കൊമേഴ്‌സല്‍ വിഭാഗത്തില്‍ 50–60 ശതമാനമാണ് ഇടിവ്. ഇരുചക്ര വാഹനങ്ങളുടെ വില്പനയും സാരമായി ഇടിഞ്ഞു, 20–40 ശതമാനം. വില്പന സാരമായി ഇടിഞ്ഞെങ്കിലും പലിശയും നികുതിയും വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നുള്ളതു നേട്ടമാണ്.
ഹോസ്പിറ്റാലിറ്റി/ട്രാവല്‍
ഏറ്റവുമധികം നഷ്ടം നേരിടേണ്ടവന്ന വിഭാഗമാണ് ടൂറിസം. ഹോട്ടല്‍ ബുക്കിംഗുകളില്‍ ഏറിയ പങ്കും കാന്‍സലായി. വിമാനയാത്രകളും കുറഞ്ഞു.
പണമിടപാടുകള്‍ക്ക് ഇപ്പോള്‍ ഏറിയ പങ്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങി. ഡിജിറ്റല്‍ വാലറ്റ് ഉപയോഗം കൂടി.
അവശ്യവസ്തുക്കള്‍
ജനങ്ങളുടെ വാങ്ങല്‍ താത്പര്യം കുറഞ്ഞു. ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയവയുടെ വില്പന കുത്തനെ താഴേക്കു പോയി. ഗ്രാമപ്രദേശങ്ങളില്‍ അവശ്യസാധനങ്ങളുടെ വില്പന 20–30 ശതമാനം ഇടിഞ്ഞു. ജനങ്ങളുടെ പക്കല്‍ ക്രയവിക്രയത്തിനുള്ള പണമില്ലാത്തതുതന്നെ കാരണം. അതേസമയം സോപ്പ്, പേസ്റ്റ് തുടങ്ങിയവയുടെ വില്പനയെ ബാധിച്ചില്ല.
മൊത്തക്കച്ചവടക്കാര്‍ കുടിശിക അടയ്ക്കാനുള്ള തുക റദ്ദാക്കിയ കറന്‍സി ഉപയോഗിച്ച് അടച്ചുതീര്‍ത്തു.
ബാങ്കിംഗ്
ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മേഖല. കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകളുടെ എണ്ണം കൂടി. വരവ് ഉയര്‍ന്ന് എട്ടു ലക്ഷം കോടിക്കു മുകളിലായി.
നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുടെ തവണശേഖരണം മുടങ്ങിയത് ഈ മേഖലയിലെ നഷ്ടം.
ഇ–കൊമേഴ്‌സ്
ഇന്ത്യന്‍ ഇ–കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വില്പന ഗണ്യമായി ഇടിഞ്ഞു. ഇതുവരെ 70 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. കാഷ് ഓണ്‍ ഡെലിവറി ഇടിഞ്ഞതിനൊപ്പം ഓര്‍ഡര്‍ കാന്‍സലേഷനും വര്‍ധിച്ചു.
സ്വര്‍ണവിപണി
സ്വര്‍ണവില്പന കുത്തനെ താഴേക്കു പോയി. ജ്വല്ലറികള്‍ അടച്ചിടേണ്ടിവന്നു. വിവാഹസീസണ്‍ ആയിരുന്നിട്ടുപോലും കാര്യമായ വില്പന നടന്നില്ല. വിലയും താഴേക്കു പോയി. ഡിസംബറിലും ഈ താഴ്ച പ്രതീക്ഷിക്കുന്നുണ്ട്.
വിനോദം
റിലീസ് ചെയ്ത സിനിമകള്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സിനിമാപ്രേമികള്‍ തിയറ്റര്‍ വിട്ടുനിന്നതിനാല്‍ മിക്ക സിനിമകളുടെയും റിലീസിംഗ് മാറ്റിവച്ചു. ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അല്പം കൂടിയിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ത്തന്നെ സിനിമാ മേഖല ഉറ്റുനോക്കുന്നു.